ദുബയ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സി 'വാം' റിപോര്‍ട്ട് ചെയ്തു. പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഇറക്കുമതി, ഉല്‍പാദനം, വിതരണം എന്നിവയെല്ലാം നിരോധിക്കും.
2026 ജനുവരി ഒന്ന് മുതല്‍ കപ്പുകള്‍, പ്ലേറ്റുകള്‍, കട്ട്‌ലറികള്‍, കണ്ടെയ്‌നറുകള്‍, ബോക്‌സുകള്‍ തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും രാജ്യത്ത് നിരോധിക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ വര്‍ഷം വ്യത്യസ്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായുള്ള നിയന്ത്രണങ്ങളാണിവയെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രാജ്യത്താകമാനം നിരോധനം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരം ആദ്യമായാണ് പുറത്തുവരുന്നത്.