മേപ്പാടിയില്‍ ആറു കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2022-09-11 15:27 GMT

കല്‍പ്പറ്റ: മേപ്പാടിയില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ 6 കിലോഗ്രാം കഞ്ചാവ് പിടികൂടി. മേപ്പാടി സിഐ വിപിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പരിശോധ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വില്‍പ്പനക്കാരനായ മേപ്പാടി വിത്തുകാട് പിച്ചം കുന്നശ്ശേരി വീട്ടില്‍ നാസിക്കിനെയും(26) ഇയാള്‍ക്ക് കഞ്ചാവ് കടത്തുന്നതിനും ഒളിപ്പിച്ച് വയ്ക്കുന്നതിനും സഹായം ചെയ്യുന്ന കൂട്ടു കച്ചവടക്കാരനായ കോട്ടത്തറ വയല്‍ പാറായില്‍ വീട്ടില്‍ മണിയെയും(25) അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുക, വിപണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നടത്തി വരുന്ന 'യോദ്ധാവ്' ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പരിശോധന സമയത്ത് നാസിക് പോലിസ് ഉദ്യോഗസ്ഥന് നേരെ കുരുമുളക് സ്‌പ്രേ അടിക്കുകയും കൈ കടിച്ച് മുറിക്കുകയും ചെയ്തു. ഇതിനെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആന്ധ്രയിലെ പാടേരൂര്‍ എന്ന സ്ഥലത്തുനിന്നാണ് നാസിക് ഹോള്‍സെയില്‍ ആയി കഞ്ചാവ് വാങ്ങുന്നത്. തുടര്‍ന്ന് ട്രയിനിലും ഓട്ടോറിക്ഷയിലുമായി ഇത് അതിര്‍ത്തി കടത്തി കൊണ്ടുവരികയാണ് പതിവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലിസിനോട് പറഞ്ഞു. ചേരമ്പാടി അതിര്‍ത്തി കടത്തിയ ശേഷം അവിടെ നിന്ന് ബൈക്കില്‍ കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാന്‍ സുഹൃത്തായ മണി എന്നയാളുടെ കോട്ടത്തറയിലെ പാറായില്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് ചെറിയ പാക്കറ്റുകള്‍ ആക്കി ചില്ലറ വില്‍പ്പന ചെയ്യുകയാണ് ഇവരുടെ രീതി.

Tags:    

Similar News