വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക്

Update: 2022-02-01 04:16 GMT

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായിട്ടുണ്ട്.

ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.

തിങ്കളാഴ്ചയാണ് വാവ സുരേഷിന് പാമ്പിനെ പിടിക്കുന്നതിനിടയില്‍ കടിയേല്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. സുരേഷിന്റെ വലുതുകാലിലാണ് പാമ്പ് കടിച്ചത്. 

ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിയുകയും ചെയ്തു.

കാലില്‍ കടിയേറ്റ സുരേഷിനെ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാമ്പിനെ പിടിക്കാന്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. പാമ്പിനെ പിടികൂടി ചാക്കില്‍ ഇടന്നതിനിടെ മൂര്‍ഖന്‍ തുടയില്‍ കൊത്തുകയായിരുന്നു.

Tags:    

Similar News