അമേഠിയില്‍ സ്മൃതി ഇറാനി തോല്‍വിയിലേക്ക് ; വീഴ്ത്തിയത് കോണ്‍ഗ്രസിന്റെ കിഷോറി ലാല്‍
അമേഠി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ ബിജെപിയുടെ സ്മൃതി ഇറാനി പരാജയത്തിലേക്ക്. കോണ്‍ഗ്രസിന്റെ കിഷോറി ലാലിന് ലീഡ് 50000 കടക്കുന്നു. 45905 വോട്ടുകളുടെ ലീഡാണ് കിഷോറി ലാലിനുള്ളത്. മെയ് 20ന് നടന്ന അഞ്ചാം ഘട്ടത്തിലായിരുന്നു അമേത്തി പോളിങ് ബൂത്തിലെത്തിയത്. 54.40 ശതമാനമായിരുന്നു പോളിങ്. 2019ല്‍ രാഹുല്‍ ഗാന്ധിയെ 55000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്മൃതി ഇറാനി അമേത്തി പിടിച്ചെടുത്തത്. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി 2019ല്‍ രാഹുല്‍ ഗാന്ധിയില്‍നിന്ന് പിടിച്ചെടുത്ത മണ്ഡലമാണ് അമേഠി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം, ഇതുവരെ 98229 വോട്ടുകളാണ് കിഷോരി ലാലിന് ലഭിച്ചിരിക്കുന്നത്. സ്മൃതി ഇറാനിക്ക് 68829 വോട്ടുകളാണ് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള ബിഎസ്പി സ്ഥാനാര്‍ഥി നാനേ സിങ് ചൗഹാന് 6957 വോട്ടുകളാണ് ലഭിച്ചത്. മൊത്തം 9,76,053 വോട്ടുകളാണ് പോള്‍ ചെയ്തത്.
2019ല്‍ അമേഠിയില്‍ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്. 468,514 വോട്ടുകളായിരുന്നു അന്ന് സ്മൃതി ഇറാനിയുടെ പെട്ടിയില്‍ വീണത്. രാഹുല്‍ ഗാന്ധിക്ക് 413,394 വോട്ടുകളാണ് പിടിക്കാനായത്. 2014ല്‍ 1,07,903 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം.