സുരക്ഷയാണ് പ്രധാനം, വിശപ്പ് ഞാന്‍ സഹിച്ചോളാം; കേൾക്കണം നൻമയുടെ സന്ദേശം

Update: 2019-05-18 14:50 GMT

വിശപ്പിനെക്കാളും വലുതായി ഒന്നുമില്ലെന്ന് പറയുമ്പോഴും വിജി എന്ന യുവതി വിത്യസ്തയാവുകയാണ് സൈബർ ലോകത്ത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയുടെ ഉപഭോക്ത സേവന സംവിധാനവുമായി വിജി എന്ന യുവതി നടത്തിയ ചാറ്റാണ് സൈബർ ലോകത്ത് ഇതിനോടകം അഭിനന്ദനങ്ങൾക്കിടയാക്കിയിരിക്കുന്നത്. ഓണ്‍ലൈനായി ഫുഡ് ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാൽ ഭക്ഷണം നമ്മുടെ മുമ്പിലെത്തുന്നതുവരെ യാതൊരു സ്വസ്ഥതയുമില്ലാത്തവരാണ് ഏറെപ്പേരും. ചിലപ്പോഴൊക്കെ ഭക്ഷണം എത്തിക്കാൻ വൈകിയാൽ ഡെലിവറി ബോയിയെ രണ്ടു ചീത്തപറയാനും ആരും മടിക്കാറുമില്ല. ഇവിടെയാണ് ഭക്ഷണമെത്തിക്കുന്ന ഡെലിവറി ജീവനക്കാരന്‍റെ കഷ്ടപ്പാടിനെക്കുറിച്ച് വിജി എന്ന യുവതി ചിന്തിച്ചത്. സൊമാറ്റോ കസ്‌റ്റമർ കെയറും വിജിയും തമ്മിൽ നടന്ന ആ മനുഷ്യത്വപരമായ ചാറ്റിങ്ങനെയാണ്. താൻ ഫുഡ് ഓർഡർ ചെയ്‌തെന്നും, തന്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പിൽ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമർ കെയറിനോട് പറയുന്നു. ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയിൽ മഴയാണെങ്കിൽ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോൾ ഭക്ഷണം കൊണ്ടു വന്നാൽ മതിയെന്ന് പറയാൻ കഴിയുമോയെന്നും വിജി ചോദിക്കുന്നു. താൻ അതുവരെ വിശപ്പ് സഹിച്ചോളാമെന്നും വിജി പറയുന്നു. തുടർന്ന് കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് വാലറ്റുമായി ബന്ധപ്പെടുകയും ചെ‌യ്‌തു. വരുന്ന വഴി മഴയുണ്ടെന്നും താങ്കൾ പറഞ്ഞത് പ്രകാരം വാലറ്റിനോട് മഴ കൊള്ളാതെ മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വിജിയോട് കസ്‌റ്റമർ കെയർ എക്സിക്യൂട്ടിവ് വിശദീകരിക്കുന്നു. താങ്കളെപ്പോലെ മറ്റുള്ളവരും ചിന്തിച്ചിരുന്നെങ്കിൽ എന്ന് മറുപടി നൽകി വിജിയുടെ നന്മ നിറഞ്ഞ മനസിന് നന്ദി പറഞ്ഞു കൊണ്ടാണ് ചാറ്റ് അവസാനിക്കുന്നത്. ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ധാരാളം ആളുകൾ വിജിയുടെ മനുഷ്യത്വത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.


ചാറ്റിന്റെ പൂർണരൂപം



 


Similar News