കട്ടിലില്‍ ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത് വൃദ്ധയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍
കോട്ടയം: മീനടത്ത് കിടപ്പിലായ വൃദ്ധയായ മാതാവിനെ അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത മകനെ പോലിസ് അറസ്റ്റ് ചെയ്തു. മീനടം മാത്തൂര്‍പ്പടി സ്വദേശി തെക്കേല്‍ വര്‍ഗീസ് തോമസ് (കൊച്ചുമോന്‍- 48) ആണ് പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോന്‍ സുഖമില്ലാത്ത 93 വയസ്സുള്ള മാതാവ് മറിയാമ്മയെയും സഹോദരനെയും സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നിരവധി തവണ തടഞ്ഞിട്ടും ഇയാള്‍ മര്‍ദ്ദനം തുടര്‍ന്നതോടെ, ഇയാളുടെ ഭാര്യ മര്‍ദ്ദനദൃശ്യങ്ങള്‍ പകര്‍ത്തി പഞ്ചായത്ത് മെംബര്‍ക്ക് കൈമാറുകയായിരുന്നു. മര്‍ദ്ദനമേറ്റ് വൃദ്ധയായ അമ്മ അലമുറയിട്ട് കരയുന്നതും അനങ്ങിപ്പോവരുതെന്ന് കൊച്ചുമോന്‍ ഭീഷണിപ്പെടുത്തുന്നതും വീഡിയില്‍ കാണാം. കൈകൊണ്ട് മാതാവിന്റെ മുഖത്തിന് അടിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. ഇതിനുശേഷം കട്ടിലില്‍ കിടക്കുന്ന സഹോദരനെ കഴുത്തില്‍ പിടിച്ചുയര്‍ത്തുന്നതും ഈ സമയം മാതാവ് നിലവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് ഇത് പാമ്പാടി പഞ്ചായത്ത് അംഗത്തിന് അയച്ചുകൊടുത്തു. ഇദ്ദേഹമാണ് പോലിസിനെ സമീപിച്ചത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പോലിസ് കേസെടുത്തത്. ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലിസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.