മദ്യം എടുത്തെന്നാരോപിച്ച് പിതാവിനു ക്രൂരമര്‍ദ്ദനം; പ്രതി അറസ്റ്റില്‍, വധശ്രമത്തിനു കേസ്
മാവേലിക്കര: താന്‍ സൂക്ഷിച്ച മദ്യം എടുത്തെന്ന് ആരോപിച്ച് വയോജന ദിനത്തില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. തെക്കേക്കര ഉമ്പര്‍നാട് കാക്കാനപ്പള്ളില്‍ കിഴക്കേതില്‍ രതീഷി(29)നെയാണ് കുറത്തികാട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വധശ്രമത്തിനാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രതീഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പോലിസ് ഈര്‍ജ്ജിതശ്രമം നടത്തിവരികയായിരുന്നു. രതീഷ് പിതാവിനെ അസഭ്യം പറഞ്ഞ് ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യമാണ് വീഡിയോയിലുണ്ടായിരുന്നത്.
കുറത്തികാട് സബ് ഇന്‍സ്‌പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കഴിഞ്ഞ ദിവസം ചുനക്കരയിലെ പെട്രോള്‍ പമ്പിന് സമീപത്തു നിന്ന്അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്റ് ചെയ്തു. താന്‍ സൂക്ഷിച്ചുവച്ചിരുന്ന മദ്യം എടുത്തെന്നാരോപിച്ചാണ് ഒക്‌ടോബര്‍ ഒന്നിന് പിതാവ് രഘുവിനെ രതീഷ് മര്‍ദ്ദിച്ചത്. ദൃക്‌സാക്ഷികളിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ഗ്രീന്‍കേരള എന്ന ഫേസ്ബുക്ക് പേജില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ മുജീബ് റഹ്്മാനാണ് പോസ്റ്റ് ചെയ്തത്. ഇതാണ് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. രതീഷിനെതിരേ മാവേലിക്കരയില്‍ കഞ്ചാവ് കേസും നിലവിലുണ്ട്.