നോ പ്ലാസ്റ്റിക്; റെയില്‍വേയിലും വിമാനത്താവളങ്ങളിലും ചായകുടിക്കാം ഇനി കുല്‍ഹാഡുകളില്‍
ന്യൂഡല്‍ഹി: പ്ലാസ്റ്റിക്, പേപ്പര്‍ കപ്പുകളുടെ ഉപയോഗം വര്‍ധിച്ചതോടെ പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി കേന്ദ്രം. ഇനി രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വിമാനത്താവളങ്ങളിലും ചായ, കാപ്പി പാനീയങ്ങള്‍ കുടിക്കാനായി കുല്‍ഹാഡുകള്‍ ഉപയോഗിക്കും. കളിമണ്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചെറിയ കപ്പുകളാണ് കുല്‍ഹാഡുകള്‍. നിലവില്‍ ഉത്തരേന്ത്യയില്‍ ഗ്രാമീണമേഖലയില്‍ ചായകുടിക്കാനായി കപ്പുകള്‍ക്ക് പകരം ഉപയോഗിക്കുന്നതാണ് കളിമണ്‍ കൊണ്ടുണ്ടാക്കുന്ന ഈ കപ്പുകള്‍. നിരവധി തവണ ഉപയോഗം സാധ്യമായതെങ്കിലും ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയാറാണ് പതിവ്. ആല്‍ക്കലൈന്‍ അംശം കൂടുതലുള്ള കളിമണ്ണില്‍ നിന്നും നിര്‍മിക്കുന്ന കപ്പുകള്‍ ശരീരത്തിന് ഹാനികരമല്ല. രാജ്യത്തെ ഈ പദ്ധതി കൊണ്ടുവരുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര ഗതാഗത, റെയില്‍വേ മന്ത്രാലയങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.