മഴമൂലം 43 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഉയര്‍ത്തി 246 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് ഓള്‍ ഔട്ടായി. ഉജ്ജ്വല പ്രകടനം പുറത്തെടുത്ത നെതര്‍ലന്‍ഡ്സ് ബൗളിങ് നിരയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബാറ്റിങ് നിര ശിഥിലമായി. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ വമ്പന്‍ വിജയങ്ങള്‍ നേടിയെത്തിയ ദക്ഷിണാഫ്രിക്ക സ്വപ്നത്തില്‍പ്പോലും കരുതാത്ത തിരിച്ചടിയാണ് നെതര്‍ലന്‍ഡ്സ് സമ്മാനിച്ചത്.
നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ തെംബ ബവൂമയും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 36 റണ്‍സെടുത്തു. എന്നാല്‍ ഡി കോക്കിനെ പുറത്താക്കി റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വ് ഈ കൂട്ടുകെട്ട് പൊളിച്ചു. 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ബവൂമയും വീണു. 16 റണ്‍സാണ് താരമെടുത്തത്. പിന്നാലെ വിക്കറ്റുകള്‍ കൊഴിയാന്‍ തുടങ്ങി. എയ്ഡന്‍ മാര്‍ക്രം (1), റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ (4) എന്നിവര്‍ അതിവേഗത്തില്‍ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പതറി. ടീം സ്‌കോര്‍ 44 ന് 4 വിക്കറ്റ് എന്ന നിലയിലായി.
എന്നാല്‍ അഞ്ചാം വിക്കറ്റിലൊന്നിച്ച ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. എന്നാല്‍ 28 റണ്‍സെടുത്ത ക്ലാസന്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നാലെ വന്ന മാര്‍ക്കോ യാന്‍സണും (9) പിടിച്ചുനില്‍ക്കാനായില്ല. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മറുവശത്ത് ഡേവിഡ് മില്ലര്‍ പിടിച്ചുനിന്നത് പ്രോട്ടീസ് ക്യാമ്പില്‍ പ്രതീക്ഷ പരത്തി. ജെറാള്‍ഡ് കോട്സിയെ കൂട്ടുപിടിച്ച് താരം ടീം സ്‌കോര്‍ 145-ല്‍ എത്തിച്ചു. എന്നാല്‍ 43 റണ്‍സെടുത്ത മില്ലറെ അതിമനോഹരമായ പന്തിലൂടെ വാന്‍ ബീക്ക് പുറത്താക്കിയതോടെ മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് പിടിമുറുക്കി. പിന്നാലെ 22 റണ്‍സെടുത്ത കോട്സിയും പുറത്തായതോടെ ദക്ഷിണാഫ്രിക്ക വിജയത്തില്‍ നിന്നകന്നു. അവസാന വിക്കറ്റില്‍ കേശവ് മഹാരാജ് ചെറുത്തുനിന്നെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാനായില്ല. മഹാരാജ് 40 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്ത്നില്‍പ്പ് അവസാനിച്ചു.
നെതര്‍ലന്‍ഡ്സിനായി ലോഗന്‍ വാന്‍ ബീക്ക് മൂന്നുവിക്കറ്റെടുത്തപ്പോള്‍ മീകെറെന്‍, വാന്‍ ഡേര്‍ മെര്‍വ്, ഡി ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അക്കര്‍മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. വാലറ്റത്ത് പൊരുതിയ നായകന്‍ സ്‌കോട് എഡ്വാര്‍ഡ്സിന്റെ ഉശിരന്‍ പ്രകടനമാണ് നെതര്‍ലന്‍ഡ്സിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വെറും 82 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. വിക്രംജീത് സിങ് (2), മാക്സ് ഓ ഡൗഡ് (18), കോളിന്‍ അക്കര്‍മാന്‍ (12), ബാസ് ഡി ലീഡ് (2), സൈബ്രാന്‍ഡ് എയ്ഗല്‍ബ്രെക്ട് (19) എന്നിവര്‍ അതിവേഗത്തില്‍ നഷ്ടമായി. എന്നാല്‍ വാലറ്റത്ത് നായകന്‍ എഡ്വാര്‍ഡ്സ് പിടിച്ചുനിന്നതോടെ നെതര്‍ലന്‍ഡ്സ് ഉയര്‍ത്തെഴുന്നേറ്റു. താരം 69 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 78 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഒന്‍പതാമനായി വന്ന വാന്‍ ഡെര്‍ മെര്‍വിനെയും (29) പത്താമനായി വന്ന ആര്യന്‍ ദത്തിനെയും (23) കൂട്ടുപിടിച്ച് എഡ്വാര്‍ഡ്സ് ടീം സ്‌കോര്‍ 245-ല്‍ എത്തിച്ചു. ആര്യന്‍ വെറും ഒന്‍പത് പന്തില്‍ 23 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ ടീം സ്‌കോര്‍ 100 കടക്കില്ല എന്ന നിലയില്‍ നിന്നാണ് നെതര്‍ലന്‍ഡ്സ് 245-ല്‍ എത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി, മാര്‍ക്കോ യാന്‍സണ്‍, കഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജെറാള്‍ഡ് കോട്സിയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.