നടത്താത്ത കലാ,കായിക മേളകള്‍ക്ക് ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളില്‍ നിന്നും സ്‌പെഷ്യല്‍ ഫീസ് ഈടാക്കുന്നു
തുക പിരിച്ചില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളിലെ പ്രധാനാധ്യാപകര്‍
കോഴിക്കോട്: കൊവിഡ് കാരണം സ്‌കൂളുകള്‍ പൂട്ടിയിട്ടും ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളില്‍ നിന്നും സ്‌പെഷ്യല്‍ ഫീസ് ഈടാക്കുന്നു. കലാ, കായിക മേളകള്‍ ഉള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കാറുള്ളത്. എന്നാല്‍ കൊവിഡ് കാരണം ഇതൊന്നും നടക്കാതിരുന്നിട്ടും അതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചതിനു ശേഷവും വിദ്യാര്‍ഥികളില്‍ നിന്നും അധികൃതര്‍ സ്‌പെഷ്യല്‍ ഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തുക പിരിച്ചില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളിലെ പ്രധാനാധ്യാപകര്‍. സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്‌സിന് 380 രൂപ, ഹ്യുമാനിറ്റീസില്‍ 280 എന്നിങ്ങനെയാണ് പണം ആവശ്യപ്പെടുന്നത്. പണം എത്രയും പെട്ടെന്ന് സ്‌കൂളില്‍ അടക്കണമെന്നാണ് അധ്യാപകര്‍ നല്‍കുന്ന നിര്‍ദേശം. സംസ്ഥാനത്തെ പകുതിയോളം സ്‌കൂളുകളിലും തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കിയെന്നാണ് അറിയുന്നത്.