ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം;ഇന്ന് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ

കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്

Update: 2022-07-25 05:12 GMT
ആലപ്പുഴ:ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരേ പരസ്യ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ന് രാവിലെ കളക്ടറേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും.

ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ പരസ്യ പ്രതികരണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു.ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമനെന്നും കാക്ടറാക്കരുതെന്നും എ എ ഷുക്കൂര്‍ പറഞ്ഞു.ജനങ്ങളോടുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ തീരുമാനമെന്നും,എന്തിന് ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവെയ്ക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും ചോദിച്ചു.

നിയമനത്തിനെതിരേ ജില്ല നേതാക്കളും രംഗത്തെത്തി.ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതില്‍ മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാകമ്മിറ്റിയും പ്രതിഷേധിച്ചു. നിയമനം ആലപ്പുഴക്ക് അപമാനമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എഎം നസീര്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി.

കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ആളായിരുന്നു ശ്രീറാം. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു ബഷീര്‍ കൊല്ലപ്പെട്ടത്. അതിനുശേഷം സംഭവം മറച്ചുവയ്ക്കാനും തന്റെ അധികാരം ഉപയോഗിച്ച് രക്ഷപ്പെടാനും കേസില്‍ ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു. സംഭവ സമയത്ത് മദ്യപിച്ചിരുന്ന ശ്രീറാം അത് മറച്ചുവയ്ക്കാന്‍ പരിശോധന വൈകിച്ചെന്നും അതിന് പോലിസ് സഹായിച്ചെന്നും ആരോപണമുണ്ട്.

Tags:    

Similar News