മുണ്ടക്കുന്ന് ഹോളിഫാമിലി സ്കൂളിൽ വിശുദ്ധ മറിയം ത്രേസ്യയുടെ രൂപം തകർത്തു; വ്യാപക പ്രതിഷേധം, എസ്‌ഡിപിഐ നേതാക്കൾ സ്കൂൾ സന്ദർശിച്ചു
കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് ഹോളിഫാമിലി കോൺവെൻറ് യുപി സ്കൂളിൽ വിശുദ്ധ മറിയം ത്രേസ്യയുടെ രൂപവും ചുറ്റുമുള്ള രൂപങ്ങളും തകർത്തു. ഇന്നലെ രാവിലെ സ്കൂളിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. അതോടൊപ്പം ഓഫിസ് വരാന്തകളിലും ചുമരുകളിലും മലമൂത്ര വിസർജനം നടത്തുകയും വൃത്തിഹീനമാക്കുകയും ചെയ്തിട്ടുണ്ട്. പൂച്ചട്ടികളും കൊടിമരവും ഭാഗികമായി തകർന്ന നിലയിലാണ്.
വിശുദ്ധ മറിയം ത്രേസ്യയുടെ പുതുതായി സ്ഥാപിച്ച ഫോട്ടോയും ഓഫിസിനു മുൻപിൽ സ്ഥാപിച്ചിരുന്ന ഹെൽപ്പ് ഡെസ്കിൻറെ ബോക്സും സമീപത്തെ വാഴത്തോട്ടത്തിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. എത്രയും പെട്ടന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു.
എസ്‌ഡിപിഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ് സമീർ ചോമേരിയുടെ നേതൃത്വത്തിൽ എസ്‌ഡിപിഐ മണ്ണാർക്കാട് മേഖല ടീം സ്കൂൾ സന്ദർശിച്ചു.
വിദ്യാലയങ്ങളിലെ അതിക്രമം ഗൗരവമായി കാണണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമീർ ചോമേരി ആവശ്യപ്പെട്ടു. നാട്ടിൽ അസമാധാനവും ആരാചകത്വവും വളർത്തുവാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോലിസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഡിപിഐ മണ്ണാർക്കാട് മുൻസിപ്പൽ പ്രസിഡന്റ് മൻസൂർ മണ്ണാർക്കാട്, മുൻസിപ്പൽ സെക്രട്ടറി നജീബ് കുന്നത്ത്, അക്ബർ ആനമൂളി, ഖാദർ കാഞ്ഞിരപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.