സംസ്ഥാനത്ത് ഇതുവരെ 1,12,12,353 ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തെന്ന് മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്‌സിനാണ്. അതില്‍ നിന്നും ഇതുവരെ 8,92,346 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 1,12,12,353 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,24,128 പേര്‍ക്ക് ആദ്യ ഡോസും 4,06,035 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകരില്‍ 5,39,624 പേര്‍ക്ക് ആദ്യ ഡോസും 4,03,454 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 68,14,751 പേര്‍ക്ക് ആദ്യ ഡോസും 14,27,998 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. 18 മുതല്‍ 44 വയസ്സു വരെയുള്ള 10,95,405 പേര്‍ക്ക് ആദ്യ ഡോസും 958 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി. 14 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ 45 വയസിനു മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. അവര്‍ക്കിടയില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവരില്‍ 12 ശതമാനം പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചത്. കഴിഞ്ഞ 7 ദിവസങ്ങളില്‍ 9,46,488 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതില്‍ 77622 പേര്‍ക്കാണ് രണ്ടാമത്തെ ഡോസ് നല്‍കിയത്. 8,68,866 പേര്‍ക്ക് ആദ്യത്തെ ഡോസ് ലഭിച്ചു.
കേന്ദ്ര ഗവണ്മെന്റില്‍ നിന്നും കേരളത്തിന് ഇതു വരെ ലഭിച്ചത് 98,83,830 ഡോസ് വാക്‌സിനാണ്. അതില്‍ നിന്നും 1,00,69,172 ഡോസ് നല്‍കാന്‍ നമുക്ക് സാധിച്ചു. സംസ്ഥാന ഗവണ്മെന്റ് നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്‌സിനാണ്. അതില്‍ നിന്നും ഇതുവരെ 8,92,346 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍ 4.32 ലക്ഷം ഡോസ് വാക്‌സിനും, സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചതില്‍ 2.08 ലക്ഷം ഡോസ് വാക്‌സിനുമാണ് ഇപ്പോള്‍ സ്‌റ്റോക്കിലുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.