വിചാരണത്തടവുകാരനായ ഇബ്രാഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കൃഷ്ണന്‍ എരഞ്ഞിക്കല്‍

ജാമ്യവും ചികില്‍സയും നിഷേധിച്ച് തടവിലിട്ടു കൊലപ്പെടുത്തിയ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കിയവര്‍ തന്നെ ഇബ്രാഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

Update: 2021-12-09 09:23 GMT

തിരുവനന്തപുരം: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരന്‍ ഇബ്രാഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. മാവോവാദി ബന്ധമാരോപിച്ച് കഴിഞ്ഞ ആറു വര്‍ഷമായി തടവിലിട്ടിരിക്കുന്ന തോട്ടംതൊഴിലാളിയായ വയനാട് മേപ്പാടി സ്വദേശിയായ ഇബ്രാഹിമിന് വീണ്ടും ഹൃദ്രോഗം മൂര്‍ഛിച്ചിരിക്കുകയാണ്. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ഗുരുതരമായ രോഗമുള്ളതായി കണ്ടെത്തിയിരിക്കുകയാണ്. രക്തത്തിന്റെ പമ്പിംഗ് കുറവാണ്. പ്രമേഹവും മൂര്‍ഛിച്ചിരിക്കുന്നു. വിദഗ്ധ ചികില്‍സ വേണമെന്ന ഡോക്ടറുടെ അഭിപ്രായം പോലും പരിഗണിക്കാതെ ഇദ്ദേഹത്തെ വീണ്ടും ജയിലിലാക്കിയിരിക്കുകയാണ്. അടിയന്തര ചികില്‍സ ലഭിക്കാതിരുന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാകും. ജാമ്യവും ചികില്‍സയും നിഷേധിച്ച് തടവിലിട്ടു കൊലപ്പെടുത്തിയ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കിയവര്‍ തന്നെ ഇബ്രാഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ഇബ്രാഹീമിന് ജാമ്യവും വിദഗ്ദ ചികില്‍സയും ഉറപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News