കരിങ്ങോള്‍ച്ചിറ പാലവും റോഡും സഞ്ചാരയോഗ്യമാക്കാന്‍ നടപടി പൂര്‍ത്തിയായി

Update: 2021-08-14 14:35 GMT

മാള: നടവരമ്പ് മാള റോഡിലെ കരിങ്ങോള്‍ച്ചിറ പാലവും അനുബന്ധ റോഡും ഗതാഗതയോഗ്യമാക്കുവാന്‍ നടപടി സ്വീകരിച്ചെന്ന് എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഴ മാറുന്ന മുറക്ക് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ബി എം ബി സി ജോലികള്‍ അടിയന്തിരമായി പൂര്‍ത്തികരിക്കും.

എന്‍ എച്ച് ഉദ്യോഗസ്ഥരാണ് ഈ റോഡിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. നിലവില്‍ നടവരമ്പ് മുതല്‍ മാള വരെയുള്ള റോഡ് ബി എം ബി സി നിലവാരത്തിലാക്കുന്നതിനുള്ള പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ചില സാങ്കേതിക കാരണങ്ങളാല്‍ കരിങ്ങോള്‍ച്ചിറ പാലത്തിന്റെ പടിഞ്ഞാറെ വശം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. അനുബന്ധ റോഡിന് സ്ഥലം ലഭിക്കാതെ അവിടെ മുന്നാമത്തെ കള്‍വെര്‍ട്ട് നിര്‍മ്മിച്ചതാണ് തടസ്സമായത്.

നടവരമ്പ് മാള റോഡിന്റെ ബി എം ബി സി പണികള്‍ പൂര്‍ത്തികരിച്ചിട്ടും കരിങ്ങോള്‍ച്ചിറ പാലത്തിന്റെ അനുബന്ധ റോഡ് പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് എം എല്‍ എ വി ആര്‍ സുനില്‍കുമാര്‍ പ്രത്യേക താല്‍പര്യമെടുത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോച നടത്തി പടിഞ്ഞാറെ അറ്റത്തെ പാലത്തിന്റെ തെക്കുവശത്തെ കൈവരികള്‍ നീക്കം ചെയ്ത് പാലവും പഴയ റോഡിനും ഇടയിലുണ്ടായിരുന്ന മൂന്നര മീറ്റര്‍ വീതിയിലുള്ള സ്ഥലം മണ്ണിട്ട് നികത്തി വീതി കൂട്ടുവാന്‍ തീരുമാനിച്ചത്.

Tags:    

Similar News