കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം തുടരുന്നു. വെള്ളൂര്‍, വടവാതൂര്‍ എന്നിടങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഏഴോടെ വെള്ളൂര്‍ വടകരയില്‍ രണ്ട് സ്ത്രീകളെ തെരുവുനായ കടിച്ചു. വടകര വാളക്കോട് രഞ്ജിത്തിന്റെ ഭാര്യ വിജി (38) ക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിക്കുമാണ് കടിയേറ്റത്.
എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരായ ഇരുവരും ജോലിസ്ഥലത്തേക്ക് പോവാനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇവരെ കടിച്ച ശേഷം നായ സമീപത്തെ പാല്‍സൊസൈറ്റിയില്‍ പാല്‍ വാങ്ങാനെത്തിയ നിരവധി പേരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ആളുകള്‍ കൈവശമുണ്ടായിരുന്ന കുടയും പാത്രങ്ങളും മറ്റും ഉപയോഗിച്ച് പ്രതിരോധിച്ചതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
പേ വിഷബാധ സംശയിക്കുന്ന നായ കരിപ്പാടം ഭാഗത്തേക്ക് ഓടിപ്പോയി. നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുരുതരമായി കടിയേറ്റ സ്ത്രീകളെ വൈക്കം താലൂക്കാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു സംഭവത്തില്‍ വടവാതൂര്‍ കടത്തിനു സമീപം മീന്‍പിടിക്കാനെത്തിയ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. കുറ്റിക്കാട്ട് വീട്ടില്‍ സന്തോഷിനെയും മറ്റൊരാളെയുമാണ് നായ ആക്രമിച്ചത്. ഇവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടവാതൂരിന് സമീപപ്രദേശമായ കളത്തില്‍പ്പടിയിലും നായയുടെ ആക്രമണമുണ്ടായിട്ടുണ്ട്.