തെരുവുനായ ശല്യം;തദ്ദേശവകുപ്പ് മന്ത്രി വിളിച്ച യോഗം ഇന്ന്

തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാകും വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക

Update: 2022-09-13 04:02 GMT

തിരുവനന്തപുരം:തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.ജില്ലാ കലക്ടര്‍മാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.വൈകീട്ട് മൂന്ന് മണിക്ക് ഓണലൈന്‍ ആയാണ് യോഗം.

മാലിന്യ നീക്കം, നായകളുടെ വന്ധ്യംകരണം, വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായകളെ കൊന്നൊടുക്കാന്‍ ഇന്നലത്തെ യോഗത്തില്‍ ധാരണയായിരുന്നു. ഇതിനുള്ള അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരുവുനായകളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം.

തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാകും വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക. നിലവില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കും. പിന്നീട് കുടുംബശ്രീയില്‍ നിന്നും കൊവിഡ് കാല വോളന്റിയര്‍മാരില്‍ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി വാക്‌സിനേഷന്‍ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉടമസ്ഥരില്ലാത്ത നായകളെ വാക്‌സിനേഷന് കൊണ്ടുവന്നാല്‍ 500 രൂപ പാരിതോഷികം നല്‍കും. തെരുവുനായകള്‍ക്ക് ഓറല്‍ വാക്‌സിനേഷന്‍ നല്‍കാനുള്ള സാധ്യതകളെക്കുറിച്ച് പരിശോധിക്കും. ഇപ്പോള്‍ 6 ലക്ഷം ഡോസ് കൈവശമുണ്ടെന്നും ദിവസം പതിനായിരം തെരുവുനായകളെ വാക്‌സിനേഷന്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.


Tags:    

Similar News