കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ശക്തമായ നടപടി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍
തൃശൂര്‍: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍. ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തില്‍ അന്തേവാസിയായ പതിനഞ്ചുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ മൊഴിയെടുത്തു. കുട്ടി നിലവില്‍ താമസിക്കുന്ന രാമവര്‍മ്മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് കുട്ടി കമ്മീഷനോട് വിവരിച്ചു. കുട്ടികളെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. സംഭവത്തെ കുറിച്ച് ഒല്ലൂര്‍ എസ്.എച്ച്.ഒ വിശദമായ അന്വേഷണം നടത്തി ഡിസിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ജി മഞ്ജു, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ.എ സി സിമ്മി, സി കെ വിജയന്‍, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് പി സി സെല്‍മ എന്നിവരോട് ഒപ്പമായിരുന്നു മൊഴിയെടുക്കല്‍.