പോലിസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും; എസ് ഡി പി ഐ
പാലക്കാട്: കേസന്വേഷണത്തിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ പോലിസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ. ജില്ലാ ഓഫിസില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ കരുതല്‍തടങ്കല്‍ എന്ന പേരില്‍ നിരവധി പ്രവര്‍ത്തകരെയാണ് വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. പുരുഷന്‍മാരില്ലാത്ത വീടുകളില്‍ പോലും രാത്രിയില്‍ പോലിസ് രാത്രിയെത്തി ഭീഷണിപ്പെടുത്തുകയാണ്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിലുള്ളവര്‍ പോലിസ്ഭീഷണി കാരണം വീട് പൂട്ടി കുടുംബവീട്ടിലേക്ക് പോകേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഒരു തവണ കൊണ്ടുപോയവരെ വീണ്ടും പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുന്നു. ആര്‍എസ്എസ്സിനു വേണ്ടിയുള്ള പോലിസ് അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സമിതി അംഗം എസ് പി അമീറലി, ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, സെക്രട്ടറി വാസു വല്ലപ്പുഴ, ഖജാന്‍ജി അലി, വിവിധ മണ്ഡലം ഭാരവാഹികള്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.