മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗിക പരാതി നല്‍കിയ പെൺകുട്ടിയെ കാണാനില്ല

Update: 2019-08-27 12:41 GMT

ലഖ്നൗ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വീഡിയോയിലൂടെ പറ‍ഞ്ഞ നിയമവിദ്യാർഥിനിയെ കാണാതായതായി പരാതി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഒരു ലോ കോളജ് വിദ്യാർഥിനിയാണ് തന്റെ കോളജ് ഡയറക്ടറും ബിജെപി നേതാവുമായ ചിൻമയാനന്ദയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വീഡിയോ ഷെയർ ചെയ്തത്.

തുടർന്ന് ഈ വീഡിയോ വൈറലായി. സ്വാമി ചിന്മയാനന്ദ് താനുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും അയാള്‍ക്കെതിരെ എല്ലാ തെളിവുകളും തന്‍റെ കൈവശമുണ്ടെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. സ്വാമി ചിന്മയാനന്ദിനെതിരെ വിദ്യാര്‍ഥിനി പോലിസിലും പരാതി നല്‍കിയിട്ടുണ്ട്. തുടർന്നാണ് പെൺകുട്ടിയെ കാണാതായത്. പോലിസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും ചിന്മയാനന്ദിനെതിരെ നടപടി എടുക്കില്ലെന്നും തനിക്കും കുടുംബത്തിനും ചിൻമയാന്ദിൽ നിന്നും ഭീഷണി ഉള്ളതായും വിദ്യാര്‍ഥിനി വീഡിയോയിൽ പറഞ്ഞിരുന്നു. അതേസമയം, പെൺകുട്ടിക്കെതിരേ ചിന്മയാന്ദിന്റെ അനുകൂലികൾ പരാതിയുമായി രം​ഗത്തെത്തി. അ‍ഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ചിന്മയാനന്ദിന് അജ്ഞാത ഫോണ്‍ കോള്‍ വന്നെന്നാണ് പരാതിയിലെ ആരോപണം. ആ​ഗസ്ത് 24 മുതലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ വീഡ‍ിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നും വീഡിയോയില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നുണ്ട്. ചിന്മയാനന്ദിന്റെ ആശ്രമത്തിലെ സ്ത്രീയെ പീഡിപ്പിച്ചതിന് നേരത്തെ ഇയാൾക്കെതിരേ ഒരു കേസ് നിലവിലുണ്ട്.

Similar News