കള്ളാക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ദലിത്-ഗൗണ്ടര്‍ വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷസാധ്യതയെന്ന് റിപോര്‍ട്ട്
ചെന്നൈ: 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് കള്ളാക്കുറിച്ചിയില്‍ ദലിത്് സംഘടനകളും ഗൗണ്ടര്‍ വിഭാഗവും തമ്മില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന് തമിഴ്‌നാട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ജൂലൈ 13ന് നടന്ന ആത്മഹത്യക്ക് ശേഷം പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും നീതി ലഭിക്കണമെന്നും വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് ശക്തി റെസിഡന്‍ഷ്യല്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
ആദ്യം സമാധാനപരമായി പ്രതിഷേധിച്ചെങ്കിലും ജൂലൈ 17ന് അതില്‍ മാറ്റംവന്നു. പ്രതിഷേധക്കാര്‍ സ്‌കൂള്‍ ആക്രമിക്കുകയും സ്‌കൂള്‍ ബസുകളും പോലിസ് വാനുകളും കത്തിക്കുകയും ചെയ്തു. സ്‌കൂള്‍ കെട്ടിടത്തിലുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. പോലിസിനുനേരെയും കല്ലേറുണ്ടായി. ഐജി, എം. പാണ്ഡ്യന്‍, പോലിസ് സൂപ്രണ്ട് സെല്‍വകുമാര്‍, കൂടാതെ നിരവധി പോലിസുകാര്‍ക്കും പരിക്കേറ്റു. പ്രദേശത്തെ ക്രമസമാധാനപാലനത്തിന് സമീപജില്ലകളില്‍ നിന്ന് സേനയെ കൊണ്ടുവരേണ്ടിപോലും വന്നു.
സ്‌കൂള്‍ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. മരിച്ച പെണ്‍കുട്ടി ദലിത് വിഭാഗത്തില്‍പ്പെട്ട അഗമുടയാര്‍ സമുദായക്കാരിയാണ്. അഗമുടയാര്‍ സമുദായത്തില്‍പ്പെട്ടയാളാണ് ബസിന് തീകൊളുക്കിയതെന്ന് പോലിസ് പറയുന്നു.
ദലിത് സംഘടനയായ വിഡുതലൈ ചിരുത്തെയ്ഗള്‍ കക്ഷിയില്‍ പെട്ടവര്‍ക്കും തീവയ്പില്‍ പങ്കുണ്ടെന്ന് പോലിസ് ആരോപിക്കുന്നു. ദലിത് ആദി ദ്രാവിഡര്‍ സമുദായത്തില്‍പ്പെട്ട ചിലരാണ് തീവെപ്പിന് ഉത്തരവാദിയെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു.
സ്‌കൂളിന് നേരെയുണ്ടായ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പോലിസ് കരുതുന്നത്.
'കള്ളക്കുറിച്ചി, വില്ലുപുരം ജില്ലകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് സംഘര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മുമ്പ് ഇത്തരം സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണെന്നും ആ വ്യക്തി ജാതിവികാരം ഇളക്കിവിടുന്നത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ശക്തി സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെട്ടു.