മാള: വെള്ളരി വര്‍ഗത്തില്‍പ്പെട്ട ബട്ടര്‍നട്ട് കൃഷി ചെയ്ത് വിജയം കൈവരിച്ച് വിസ്മയം തീര്‍ക്കുകയാണ് അഷ്ടമിച്ചിറ സ്വദേശിയായകെ എസ് സിനോജ്. ഏറെ പോഷകപ്രദയമായ ബട്ടര്‍നട്ട് പ്രധാനമായും കൃഷി ചെയ്യുന്നത് അമേരിക്കയിലാണ്. കേരളത്തില്‍ ആലപ്പുഴയിലാണ് ആദ്യം പരീക്ഷിച്ചത്. അവിടെ നിന്നും കിട്ടിയ വിത്താണ് സിനോജ് കൃഷി ചെയ്തത്.
പരീക്ഷണാടിസ്ഥാനത്തില്‍ നട്ട 200 തൈകളില്‍ നിന്നും മികച്ച വിളവാണ് ലഭിച്ചതെന്ന് സിനോജ് പറയുന്നു. ഫൈബര്‍, പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം എന്നിവ സമൃദ്ധമായുള്ള ബട്ടര്‍നട്ട് പായസം, ചിപ്‌സ്, ജ്യൂസ്, പച്ചക്കറി എന്നിവക്കായെല്ലാം ഉപയോഗിക്കാം. പച്ചക്കറിയായി ഉപയോഗിക്കാവുന്ന ഈ ഫലത്തെ ഉണക്കി ചിപ്‌സാക്കാം. പഴുപ്പിച്ചാല്‍ പായസം വെക്കാനും ജ്യൂസുണ്ടാക്കാനുമുപയോഗിക്കാം.
മൂപ്പെത്തിയ കായകള്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ ഉപയോഗിക്കാനാകുമെന്ന് സിനോജ് പറയുന്നു.
ഏത് കാലാവസ്ഥയിലും ബട്ടര്‍നട്ട് കൃഷിചെയ്യാം. 50 ദിവസം കൊണ്ട് പൂര്‍ണവിളവെത്തും ഒരു ചെടിയില്‍ നിന്ന് അഞ്ച് മുതല്‍ 15 കായകള്‍ വരെ ലഭിക്കും. ഒരോ കായും പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 500 മുതല്‍ 650 ഗ്രാം വരെയാണ് വരിക. അതിനാല്‍ തന്നെ ഗ്രോബാഗില്‍ വളര്‍ത്തി പന്തലില്‍ കയറ്റിയാലും നല്ല വിളവ് ലഭിക്കും. കിലോഗ്രാമിന് 40 മുതല്‍ 60 രൂപ വരെ വില ലഭിക്കും.
വര്‍ഷങ്ങളായി കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സിനോജ് ഇതുപോലെയുള്ള പുതിയ തരം ഫലങ്ങള്‍ കൃഷി ചെയ്യുന്നതിന് ഏറെ താല്‍പ്പര്യമുള്ളയാളുമാണ്.സ്വന്തമായുള്ള കൃഷിഭൂമി 30 സെന്റ് മാത്രമാണെങ്കിലും പാട്ടത്തിനെടുക്കുന്നതടക്കം 15 ഏക്കറിലാണ് കൃഷി. ഇത് കൂടാതെ നിലവില്‍ വെണ്ട, പയര്‍, മത്തന്‍, കുമ്പളം തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.