ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; നിയമനക്കോഴ ആരോപണങ്ങളില്‍ കേസെടുത്ത് പോലിസ്
വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയെ തുടര്‍ന്ന് ഉയര്‍ന്ന നിയമനക്കോഴ ആരോപണങ്ങളില്‍ കേസെടുത്ത് പോലിസ്. എന്‍ എം വിജയന്റെ കത്തുകളും ആത്മഹത്യ കുറിപ്പും പോലിസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. താളൂര്‍ സ്വദേശി പത്രോസ്, പുല്‍പ്പള്ളി സ്വദേശി സായൂജ് എന്നിവരുടെ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ കുറിപ്പില്‍ പേരുള്ള ആളുകളില്‍ നിന്നു മൊഴിയെടുക്കാനും തീരുമാനിച്ചു.
പുല്‍പ്പള്ളി അര്‍ബന്‍ സഹകരണബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സായൂജിന്റെ പരാതി. മകന് ജോലി നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് പത്രോസിന്റെ പരാതി.
എന്‍ എം വിജയന്റെ മരണത്തിനു ശേഷം പാര്‍ട്ടി വീട്ടുകാരുമായി ബന്ധപ്പെട്ടില്ലെന്ന ആരോപണം നില നില്‍ക്കെ തന്നെ വീട് സന്ദര്‍ശിക്കാനാണ് കെപിസിസി ഉപസമിതി അംഗങ്ങളുടെ തീരുമാനം. കേസില്‍ കെപിസിസി ഉപസമിതി അംഗങ്ങള്‍ വയനാട്ടിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചനകള്‍.