വിവേചനരഹിതമായ അറസ്റ്റ് പോലിസ്‌രാജിന്റെ സൂചന; അറസ്റ്റ് നിയമങ്ങളില്‍ ഭേദഗതി വേണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: പ്രതിചേര്‍ക്കപ്പെടുന്നവരെ അനാവശ്യമായി അറസ്റ്റ് ചെയ്യുന്ന നടപടി വ്യാപകമാണെന്നും അത് തടയുന്നതിനുള്ള നിയമനിര്‍മാണം ആവശ്യമാണെന്നും സുപ്രിംകോടതി. അത്തരം അറസ്റ്റുകള്‍ കൊളോണിയല്‍ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും പോലിസ് രാജിന്റെ സൂചന നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരുടെ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
സാധാരണ ജാമ്യ ഹരജികള്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണം. മുന്‍കൂര്‍ ജാമ്യം അനുവദിക്കാനുള്ള സമയം 6 ആഴ്ചയുമായി നിജപ്പെടുത്തണം. സിആര്‍പിസിയുടെ 41എ, 41 എന്നിവയനുസരിച്ചായിരിക്കണം അറസ്റ്റ് നടപടികളെന്നും ഉറപ്പുവരുത്തണം. വിചാരണത്തടവുകാരെക്കൊണ്ട് രാജ്യത്തെ തടവറകള്‍ നിറഞ്ഞിരിക്കുകയാണ്. മൂന്നില്‍ രണ്ടും വിചാരണത്തടവുകാരാണ്. ഇവരില്‍ പലരെയും അറസ്റ്റ് ചെയ്യേണ്ടതുപോലുമില്ല. ഏഴോ അതിനു താഴെ തടവ് ശിക്ഷ കിട്ടാവുന്ന കേസുകളിലുള്ളവരാണ് ജയിലില്‍ വിചാരണത്തടവുകാരായി കിടക്കുന്നത്- കോടതി നിരീക്ഷിച്ചു.
'ഇന്ത്യയിലെ ജയിലുകള്‍ വിചാരണത്തടവുകാരാല്‍ നിറഞ്ഞിരിക്കുന്നു. ജയിലുകളിലെ തടവുകാരില്‍ 2/3ലധികവും വിചാരണത്തടവുകാരാണ് എന്നാണ് ഞങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിലുള്ള തടവുകാരില്‍ ഭൂരിഭാഗവും അറസ്റ്റ് ചെയ്യപ്പെടേണ്ടവരല്ല. ഏഴ് വര്‍ഷമോ അതില്‍ താഴെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടിരിക്കുന്നവരാണ് ഭൂരിഭാഗവും. അന്വേഷണ ഏജന്‍സികള്‍ കൊളോണിയല്‍ ഇന്ത്യയുടെ അവശിഷ്ടമായ മാനസികാവസ്ഥയാണ് പ്രകടിപ്പിക്കുന്നത്. അറസ്റ്റ് എന്നത് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ക്രൂരമായ നടപടിയാണ്. അത് മിതമായി ഉപയോഗിക്കേണ്ടതാണ്. ജനാധിപത്യം അതാണ്. മറ്റുള്ള രീതികള്‍ പോലിസ് രാജെന്ന പ്രതീതിയുണ്ടാക്കുന്നു- ബെഞ്ചിനു വേണ്ടി വിധി എഴുതിയ ജസ്റ്റിസ് സുന്ദ്രേഷ് പറഞ്ഞു. നിയമം ജാമ്യമാണെന്നും ജയില്‍ അപവാദമാണെന്നും കോടതി അഭിപ്രായപ്പെട്ടു.