സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രിംകോടതി: സാമ്പത്തിക സംവരണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട്
കോഴിക്കോട് : സംവരണം 50 ശതമാനം കടക്കരുതെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാതലത്തില്‍ സാമ്പത്തിക സംവരണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി. സംവരണം 50 ശതമാനത്തില്‍ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരിക്കുന്നത്.
ഇന്ദിര സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ട കാര്യമില്ല എന്ന സുപ്രിംകോടതി വിധി സാമ്പത്തിക സംവരണം തിടുക്കപ്പെട്ട് നടപ്പിലാക്കിയ കേരള സര്‍ക്കാരിനേറ്റ തിരിച്ചടികൂടിയാണ്. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, മറിച്ച് സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയാണ് എന്നാണ് ഇന്ദിരാ സാഹ്നി കേസിലടക്കം കോടതി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വോട്ട് ബാങ്കും ലക്ഷ്യമിട്ടാണ് ഇടതു സര്‍ക്കാര്‍ സവര്‍ണ സംവരണം നടപ്പാക്കിയത്. ഉടന്‍ സവര്‍ണ സംവരണ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിച്ച് തെറ്റ് തിരുത്താനും സംവരണ സമുദായങ്ങളോട് നീതി പുലര്‍ത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫായിസ് കണിച്ചേരി കൂട്ടിച്ചേര്‍ത്തു.