ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് ചന്ദ്ര വര്‍മയെ പുറത്താക്കിയ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണസംഘത്തിന്റെ ഭാഗമായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉഗേസ്ഥന്‍ സതീഷ് ചന്ദ്ര വര്‍മയെ പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രിം കോടതി തിങ്കളാഴ്ച്ച ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു.
ജസ്റ്റിസുമാരായ കെ എം ജോസഫും ഹൃഷികേശ് റോയിയുമാണ് സ്റ്റേ നല്‍കിയത്. പിരിച്ചുവിട്ട ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹരജിയില്‍ ഭേദഗതി വരുത്താന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ വര്‍മയോട് കോടതി നിര്‍ദേശിച്ചു.
ആഗസ്റ്റ് 30നാണ് അദ്ദേഹത്തെ പുറത്താക്കിയത്.
2004ലെ ഇസ്രത്ത് ജഹാന്‍ കേസ് 2010 ഏപ്രിലിനും 2011 ഒക്‌ടോബറിനുമിടയില്‍ അദ്ദേഹം അംഗമായ സംഘമാണ് അന്വേഷിച്ചത്. ഇസ്രത്ത് ജഹാന്‍ കേസ് വ്യാജഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയത് ആ അന്വേഷണത്തിലൂടെയാണ്.
ഇപ്പോള്‍ ഒരാഴ്ചക്കാണ് സ്‌റ്റേ നല്‍കിയിട്ടുള്ളത്. അത് തുടരണോ എന്നത് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
തന്റെ ഹരജിയില്‍ ഹൈക്കോടതി കാലാകാലങ്ങളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുണ്ടെന്നും ഇപ്പോള്‍ കേസ് 2023 ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും വര്‍മയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. കേസ് സുപ്രിംകോടതിയിലേക്ക് റഫര്‍ ചെയ്യാനോ അല്ലെങ്കില്‍ മുന്‍തിയ്യതിയില്‍ പരിഗണിക്കാനോ നിര്‍ദേശം നല്‍കണമെന്നായിരുന്നു മറ്റൊരു ആവശ്യം. വകുപ്പുതല അന്വേഷണത്തിനു ശേഷം വര്‍മയെ പുറത്താക്കാനുളള ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം അംഗീകരിച്ചശേഷമാണ് അദ്ദേഹം സുപ്രിംകോടതിയിലെത്തിയത്.