ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. 30ലേറെ തവണയാണ് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതി മാറ്റിവച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ നല്‍കിയത് ഉള്‍പ്പെടെയുള്ള ഹരജികളാണ് കോടതി പരിഗണിക്കുന്നത്. എസ്എന്‍സി ലാവ്‌ലിനുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കുന്ന എട്ടാമത്തെ കേസാണ്.
സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും അതേ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. നേരത്തെ സപ്തംബര്‍ 13ന് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞിരുന്നത്. എന്നാല്‍, അന്ന് അദ്ദേഹം ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാല്‍ ഹരജികള്‍ പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല.