താനൂർ: താനൂർ ടൗൺ വാഴക്കാതെരുവിൽ ഹോട്ടൽ ഉടമയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി തങ്ങൾ കുഞ്ഞാലിക്കാനകത്ത് സുബൈറിനെ (44) മണിക്കൂറുകൾക്കകം താനൂർ പോലീസ് പിടികൂടി. വഴക്കാതെരുവിൽ ടി എ റെസ്റ്റോറന്റ് ഉടമ തൊട്ടിയിലകത്തു അബ്ദുൽ മനാഫിനെയാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത്. പുലർച്ചെ കടയിൽ ചായ കുടിക്കാൻ എത്തിയ പ്രതി മധുരത്തെ ചൊല്ലി തർക്കമുണ്ടാക്കി കടയിൽ നിന്ന് ഇറങ്ങി പോകുകയും പിന്നീട് കത്തിയുമായി വന്ന് ആക്രമിക്കുകയായിരു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്ക് പറ്റിയ മനാഫിനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. താനൂർ സബ് ഇൻസ്‌പെക്ടർ കൃഷ്ണ ലാൽ ആർ ഡി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടിക്കൂടിയത്. സബ് ഇൻസ്‌പെക്ടർ മാരായ ഷൈലേഷ്, രാജു, എ എസ് ഐ ജയകൃഷ്ണൻ, ലിബിൻ, അഖിൽ തോമസ് , സജീഷ്, സന്ദീപ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഉച്ചവരെ താനൂരിൽ ഹർത്താൽ ആചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.