തൃശൂര്‍: തൃശൂരില്‍ വിദേശത്തുനിന്നെത്തിയ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുമ്പാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. യുഎഇയില്‍നിന്ന് ഈ മാസം 21 നാണ് യുവാവ് കേരളത്തിലെത്തിയത്.
പോലിസിന്റെയും ആരോഗ്യവകുപ്പിന്റെയും മേല്‍നോട്ടത്തില്‍ മാര്‍ഗനിര്‍ദേശം പാലിച്ച് മൃതദേഹം സംസ്കരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. അതേസമയം, കേരളത്തില്‍ റിപോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്തുവന്നു. എ.2 വിഭാഗത്തില്‍പ്പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി.
യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാംപിളുകള്‍ ജനിത ശ്രേണീകരണ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. വിദേശത്തു നിന്നെത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.