'ബന്ധുക്കളുടെ ജീവൻ അപകടത്തിലാക്കുന്നു'; എഎപി നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ സ്വാതി മലിവാൾ
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി മന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എഎപി രാജ്യസഭാ എംപി സ്വാതി മലിവാള്‍. കാറിന്റെ നമ്പറടക്കം വ്യക്തിപരമായ വിവരങ്ങള്‍ പരസ്യമാക്കി എഎപി നേതാക്കള്‍ തന്റെ ബന്ധുക്കളുടെ ജീവന്‍ അപകടത്തിലാക്കുന്നു എന്നാണ് സ്വാതിയുടെ ആരോപണം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബിഭവ് കുമാര്‍ തന്നെ ആക്രമിച്ചു എന്ന സത്യം തുറന്നുപറഞ്ഞതിന് തനിക്കെതിരെ ട്രോള്‍ ആര്‍മികള്‍ ആക്രമണം നടത്തുകയാണെന്നും സ്വാതി ആരോപിച്ചു. തനിക്കെതിരെ അഴിമതി കേസുണ്ടെന്നും അതിനാല്‍ ബിജെപിയുടെ ആജ്ഞയ്ക്കനുസരിച്ചാണ് താനിപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് എന്നുമാണ് ഡല്‍ഹി മന്ത്രിമാര്‍ കഴിഞ്ഞദിവസം മുതല്‍ ആരോപിക്കുന്നതെന്ന് സ്വാതി പറഞ്ഞു.
എട്ടുവര്‍ഷം മുമ്പ്, 2016ല്‍, തന്നെ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷയായി നിയമിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. ഒന്നരവര്‍ഷമായി ഹൈക്കോടതി സ്‌റ്റേ ചെയ്ത കേസാണിത്. പണത്തിന്റെ വിനിമയം ഉണ്ടായിട്ടില്ല എന്ന സത്യം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും സ്വാതി മലിവാള്‍ അവകാശപ്പെട്ടു.
ബിഭവ് കുമാറിനെതിരെ പരാതി നല്‍കുന്നതുവരെ ഞാന്‍ അവര്‍ക്ക് 'ലേഡി സിങ്കം' ആയിരുന്നു. ഇപ്പോള്‍ ബിജെപി ഏജന്റാണ്. സത്യം പറഞ്ഞതിന് അവരുടെ ട്രോള്‍ ആര്‍മിയെ എനിക്കെതിരെ വിന്യസിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ ഓരോരുത്തരേയും വിളിച്ച് സ്വാതിയുടെ സ്വകാര്യ വിഡിയോകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് സ്വാതി ആരോപിച്ചു.
കാറിന്റെ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് എന്റെ ബന്ധുക്കളുടെ ജീവന്‍ അവര്‍ അപകടത്തിലാക്കുകയാണ്. നുണകള്‍ അധികകാലം നിലനില്‍ക്കില്ല. പ്രചരിപ്പിച്ച ഓരോ നുണകള്‍ക്കും നിങ്ങളെ കോടതി കയറ്റും, സ്വാതി മുന്നറിയിപ്പ് നല്‍കി.