സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ സഹായി അറസ്റ്റില്‍

Update: 2024-05-18 09:44 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുയുമായ സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ജയിലില്‍നിന്നറങ്ങിയ മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യാതൊരു പ്രകോപനവുമില്ലാതെ കരണത്തടിക്കുകയും മുടി കുത്തിപ്പിടിച്ച് വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ചവിട്ടിയെന്നുമായിരുന്നു സ്വാതിയുടെ മൊഴി. ഇക്കഴിഞ്ഞ മെയ് 13ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ കെജ് രിവാളിന്റെ വസതിയില്‍ ഡല്‍ഹി പോലിസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. എന്നാല്‍ സ്വാതി ബിജെപി ഏജന്റാണെന്നും കെജ്‌രിവാളിന്റെ വീട്ടിലേക്ക് അയച്ചത് മനപൂര്‍വമാണെന്നുമാണ് എഎപിയുടെ വിശദീകരണം. സ്വാതി കെജ് രിവാളിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതാണെന്നും അദ്ദേഹത്തെ ലക്ഷ്യമിട്ടെങ്കിലും വീട്ടിലില്ലാത്തതിനാലാണ് ബൈഭവ് കുമാറിനെ പ്രതിയാക്കിയതെന്നുമാണ് എഎപിയുടെ വാദം. മാത്രമല്ല, സംഭവ ദിവസം കെജ് രിവാളിന്റെ വീട്ടിലെത്തിയ സ്വാതി മലിവാള്‍ സുരക്ഷ ഉദ്യോഗസ്ഥനോട് കയര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളും എഎപി പുറത്തുവിട്ടിരുന്നു. ഇതിനുപുറമെ, വൈഭവ് കുമാറും സ്വാതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തുതകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

Tags:    

Similar News