താലിബാന്‍: തകര്‍ച്ചയുടെയും സംഘര്‍ഷത്തിന്റെയും അധ്യായം അവസാനിച്ചു

Update: 2021-09-23 17:22 GMT

സുഹൈല്‍ ഷഹീന്‍/ യല്‍ദ ഹക്കിം

അധിനിവേശ ശക്തികളെ തുരത്തി രണ്ടാം തവണയും അഫ്ഗാന്റെ അധികാരം പിടിച്ചതോടെ താലിബാനെക്കുറിച്ചും അവരുടെ നിലപാടുകളെക്കുറിച്ചുമുള്ള പ്രചാരണങ്ങളും കൊഴുക്കുകയാണ്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത, പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുവാദമില്ലാത്ത, കൈവെട്ടും തലവെട്ടും കല്ലെറിഞ്ഞു കൊല്ലലും നിര്‍ബാധം അരങ്ങേറുന്ന, മനുഷ്യരുടെ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ഒരു പ്രാകൃത രാജ്യമായിരിക്കുമോ താലിബാന്‍ മുന്നോട്ടുവയ്ക്കുന്ന ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍? ആഗസ്ത് 15ന് കാബൂള്‍ കീഴടക്കാന്‍ ഒരുങ്ങിനില്‍ക്കവേ, ഖത്തറിലെ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് വക്താവ് സുഹൈല്‍ ഷഹീന്‍ 'ബിബിസി' കറസ്‌പോണ്ടന്റ് യല്‍ദ ഹകീമിന് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കുന്നു.


അഫ്ഗാനിലെ ഭാവി സര്‍ക്കാര്‍ 

അഫ്ഗാനിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നു ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. ആരോടും പ്രതികാര നടപടി സ്വീകരിക്കില്ല. ഞങ്ങള്‍ ഈ നാടിന്റെ സേവകരാണ്. ഭാവി അഫ്ഗാന്‍ സര്‍ക്കാരില്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുണ്ടാവും. അതൊരു ഇസ്്‌ലാമിക സര്‍ക്കാര്‍ ആയിരിക്കും. സര്‍ക്കാര്‍ നയങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും അതില്‍ പങ്കാളിത്തം നല്‍കും. മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയോ താലിബാനെ വലിയ രീതിയില്‍ എതിര്‍ത്ത അബ്ദുല്‍ റഷീദ് ദോസ്തമോ സഹകരിക്കാന്‍ തയ്യാറായി വന്നാല്‍ സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ.

വനിതകളുടെ ജോലിയും വിദ്യാഭ്യാസവും

താലിബാന്‍ നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനില്‍ വനിതകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടാവും. വര്‍ഷങ്ങളായി താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ പ്രദേശങ്ങളില്‍ വനിതാ യൂനിവേഴ്സിറ്റികളും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയെല്ലാം പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ഭാവിയിലും അതു തുടരും. അവിടങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് താലിബാന്‍ തടസ്സം സൃഷ്ടിച്ചിട്ടില്ല.

താലിബാന്‍ കൈയടക്കിയ ഹീറത്തില്‍ പെണ്‍കുട്ടികള്‍ കോളജിലേക്ക് പോവുന്നത് താലിബാന്‍ പ്രവര്‍ത്തകര്‍ തടഞ്ഞതായി താങ്കള്‍ ആരോപിക്കുന്നു. എന്നാല്‍, അതു താലിബാന്റെ നയമല്ല. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പരിശോധിച്ചു വസ്തുത ഉണ്ടെങ്കില്‍ കുറ്റക്കാരെ ശിക്ഷിക്കും.

ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിച്ചു വനിതകള്‍ക്ക് വീടിന് പുറത്തേക്കു പോവുന്നതിനോ സമൂഹവുമായി ഇടപഴകുന്നതിനോ തടസ്സമില്ല. ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ ഇല്ലാതെ സ്ത്രീകള്‍ പുറത്തുപോയാല്‍ താലിബാന്‍ പ്രവര്‍ത്തകര്‍ മര്‍ിക്കുമെന്ന പ്രചാരണത്തില്‍ വസ്തുത ഇല്ല. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കണമെന്നു മാത്രമേയുള്ളൂ. ഹിജാബ് എന്നു പറഞ്ഞാല്‍ ബുര്‍ഖ തന്നെ ആവണമെന്നില്ല. ഹിജാബ് പലതരത്തിലുണ്ട്. അതില്‍ ഏതുമാവാം.

ആരോടും പ്രതികാരമില്ല

പടിഞ്ഞാറന്‍ സേനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ തേടി താലിബാന്‍ പോരാളികള്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഞങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശത്രുക്കള്‍ പടച്ചുവിടുന്ന വ്യാജ വാര്‍ത്തകളാണ് അവ. പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നു ഞങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അതാണ് ഞങ്ങളുടെ നയം. എല്ലാ താലിബാന്‍ അംഗങ്ങളും അതു പിന്തുടരണം. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കില്‍ പരിശോധിച്ച് അത്തരക്കാര്‍ക്കെതിരേ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും.

അധികാര കൈമാറ്റം

സമാധാനപൂര്‍ണമായ ഒരു അധികാര കൈമാറ്റമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതിന്റെ ഭാഗമായാണ് ഞങ്ങള്‍ തലസ്ഥാനമായ കാബൂളിലേക്കു പ്രവേശിക്കാതെ കാത്തുനിന്നത്. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അതേസമയം, നഗരത്തില്‍ കൊള്ളയും അക്രമവും ഒഴിവാക്കുന്നതിനു സന്നദ്ധമായി എല്ലാ ഒരുക്കങ്ങളും ഞങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇസ്‌ലാമിക ഭരണം ജനങ്ങളുടെ ആഗ്രഹം

അഫ്ഗാനില്‍ ഇസ്‌ലാമിക ഭരണം വേണമെന്നത് ഈ രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണ്. അതാണ് ഞങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കുറ്റവാളികള്‍ക്ക് അവരുടെ ഭാഗം പറയാന്‍ അവസരമുണ്ടാവും. അതിനായി മൂന്നു തലത്തിലുള്ള കോടതികള്‍ സ്ഥാപിക്കും. ജനങ്ങള്‍ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പോലിസിങ് സംവിധാനവുമുണ്ടാവും.

ശിക്ഷാ നടപടികള്‍

പൊതുസ്ഥലത്തുള്ള വധശിക്ഷ, കല്ലെറിയല്‍, മോഷണത്തിനു കൈകാലുകള്‍ ഛേദിക്കല്‍ തുടങ്ങിയ നടപടികള്‍ ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍ കുറ്റങ്ങള്‍ക്ക് ഇസ്‌ലാമിക നിയമം അനുസരിച്ചുള്ള ശിക്ഷയായിരിക്കുമെന്നാണ് മറുപടി. എന്ത് ശിക്ഷ നല്‍കണമെന്നത് കോടതിയാണ് തീരുമാനിക്കുക. ആരാണ് ജഡ്ജി ആവേണ്ടത്, അവരെ എങ്ങനെയാണ് നിയമിക്കേണ്ടത് എന്നൊക്കെ ഭാവി സര്‍ക്കാരാണ് തീരുമാനിക്കുക.

താലിബാന്‍ മാറിയോ?

ഒരു കാര്യം ഉറപ്പിച്ചു പറയാം അഫ്ഗാനിലേത് ഒരു ഇസ്‌ലാമിക സര്‍ക്കാര്‍ ആയിരിക്കും. മുമ്പ് എന്തെങ്കിലും വീഴ്ചകളോ പാളിച്ചകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുകയും തിരുത്തുകയും ചെയ്യും. ഇക്കാര്യത്തില്‍ ജനങ്ങളുടെ പരാതികള്‍ പരിഗണിക്കും.

മാധ്യമ സ്വാതന്ത്ര്യം അനുവദിക്കും

ഭാവി അഫ്ഗാന്‍ സര്‍ക്കാരിനു കീഴില്‍ മാധ്യമങ്ങള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. വീഴ്ചകളുണ്ടായാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ തടസ്സമില്ല. വിമര്‍ശനങ്ങളുണ്ടെങ്കില്‍ മാത്രമേ തിരുത്തലുകള്‍ സാധ്യമാവൂ. പരസ്പര വിമര്‍ശനവും തിരുത്തലും വേണമെന്നത് ഇസ്‌ലാം അനുശാസിക്കുന്ന കാര്യമാണ്. എന്നാല്‍, വ്യക്തിഹത്യകളോ വ്യാജപ്രചാരണങ്ങളോ അനുവദിക്കില്ല.

തടവുകാരുടെ മോചനം

താലിബാന്‍ കൈയടക്കിയ പല പ്രദേശങ്ങളിലും തടവുകാര്‍ മോചിപ്പിക്കപ്പെട്ടതായി റിപോര്‍ട്ടുകളുണ്ടാവാം. യുദ്ധസാഹചര്യം പ്രത്യേകമായി തന്നെ കാണേണ്ടതാണ്. വര്‍ഷങ്ങളായി ഞങ്ങളും പടിഞ്ഞാറന്‍ സേനയും അവരെ സഹായിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടലിലായിരുന്നു. അതിന്റെ ഭാഗമായി പലരും ജയിലിലായിട്ടുണ്ട്. ആരൊക്കെ ഏത് കാര്യത്തിനാണ് ജയിലില്‍ ആയതെന്നതിന്റെ ഫയലുകള്‍ ഞങ്ങളുടെ കൈയിലുണ്ട്. ഭാവി സര്‍ക്കാര്‍ ആ കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കും.

താലിബാന്‍ സ്റ്റൈല്‍ എന്നത് പ്രചാരണം

താലിബാന്‍ മുന്നോട്ടു വയ്ക്കുന്നത് ഇസ്‌ലാമിക ഭരണമാണ്. ലോകത്തെ എല്ലാ ജനങ്ങള്‍ക്കും ഇസ്‌ലാം ഒന്നാണ്. അതില്‍ താലിബാന്‍ സ്‌റ്റൈല്‍ ഇസ്‌ലാം എന്ന് വേര്‍തിരിവില്ല. താലിബാന്‍ സ്‌റ്റൈല്‍ എന്നത് മനപ്പൂര്‍വമുള്ള പ്രചാരണമോ തെറ്റിദ്ധാരണയോ ആണ്.

അമേരിക്കയോടുള്ള നിലപാട്

അമേരിക്കയുമായി ഇതുവരെ ഉണ്ടായിരുന്ന നിലപാട് ഒരു അധിനിവേശ ശക്തി എന്ന രീതിയിലായിരുന്നു. എന്നാല്‍, ആ അധ്യായം അവസാനിച്ചു. ഭാവി അഫ്ഗാന്‍ സര്‍ക്കാരുമായി മറ്റേതൊരു രാജ്യത്തെയും പോലെ അവര്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാവുന്നതാണ്. അഫ്ഗാന്റെ വികസനത്തിനും ജനങ്ങളുടെ പുരോഗതിക്കും എത്രകണ്ടു സഹായിക്കുന്നുവോ അതിനനുസരിച്ച് അവരുമായുള്ള ബന്ധവും വികസിക്കും.

ആരും രാജ്യം വിട്ട് പോവരുത്

ആരും രാജ്യം വിടരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ അഫ്ഗാനികളുടെയും കഴിവും ശേഷിയും ഈ രാജ്യത്തിനു വേണം. തകര്‍ച്ചയുടെയും സംഘര്‍ഷത്തിന്റെയും അധ്യായം അവസാനിച്ചു. ഇനി വരുന്നത് നിര്‍മാണത്തിന്റെയും സമാധാനത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും അധ്യായമാണ്. ഇതിനായി എല്ലാ അഫ്ഗാനികളും കൈകോര്‍ക്കണം.

എന്നാല്‍, രാജ്യംവിടുന്നവരെ നിര്‍ബന്ധപൂര്‍വം തടഞ്ഞുവയ്ക്കില്ല. ആരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ ശത്രുക്കള്‍ നടത്തുന്നതാണ്. ജനങ്ങള്‍ സാധാരണ ജീവിതം നയിക്കുന്നതിനോ സഞ്ചാര സ്വാതന്ത്ര്യത്തിനോ താലിബാന്‍ ഒരിക്കലും തടസ്സമാവില്ല.

വിവര്‍ത്തനം: എംടിപി റഫീഖ്  

Tags:    

Similar News