ന്യൂഡല്‍ഹി: വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ലോകപ്രശസ്ത മാധ്യമമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിഭ് കോര്‍പറേഷനെ(ബിബിസി)തിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരേ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കുന്ന 'ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ബിബിസിയെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. ചാനലിന്റെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ബിബിസി ആദായനികുതി കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നുമാണ് ആദായനികുതി വകുപ്പിന്റെ ആരോപണം