യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം വേണമെന്ന് താലിബാന്‍; സെക്രട്ടറി ജനറലിന് കത്ത് നല്‍കി
അന്തിമ തീരുമാനമെടുക്കാന്‍ യുഎസ്, ചൈന, റഷ്യ എന്നിവയടക്കമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്രെഡന്‍ഷ്യല്‍ കമ്മിറ്റിക്ക് കത്ത് കൈമാറി
കാബൂള്‍: യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍. തങ്ങളുടെ പ്രതിനിധിയെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷിന് താലിബാന്‍ കത്ത് നല്‍കി. കത്ത് സ്വീകരിച്ച യുഎന്‍ അധികൃതര്‍ താലിബാന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ യുഎസ്, ചൈന, റഷ്യ എന്നിവയടക്കമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്രെഡന്‍ഷ്യല്‍ കമ്മിറ്റിക്ക് കത്ത് കൈമാറി. അതിനിടെ ഖത്തറിലെ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎന്‍ അംബാസഡറായി നിയമിച്ചതായി താലിബാന്‍ അറിയിച്ചു. നിലവിലുള്ള പ്രതിനിധി ഗുലാം ഇസാക്‌സായിയെ ഇനി അഫ്ഗാന്‍ പ്രതിനിധിയായി പരിഗണിക്കരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടു.
താലിബാനെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കാരണം അമേരിക്കയില്‍ നടത്താനിരുന്ന സാര്‍ക് വിദേശ മന്ത്രിമാരുടെ യോഗം റദ്ദാക്കിയിരുന്നു. സമ്മേളനത്തില്‍ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്താന്റെ ആവശ്യത്തിന് പിന്നാലെയാണ് നടപടി. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് റദ്ദാക്കിയത്. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് നിര്‍ദേശത്തെ എതിര്‍ത്തു. താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.