തമിഴ്‌നാട് നിയമസഭയ്ക്ക് നൂറ് വയസ്സ്

Update: 2021-08-01 10:56 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭക്ക് നൂറ് വയസ്സാകുന്നു. 17ാം നൂറ്റാണ്ടിലെ കൊളോണിയല്‍ അധികാരത്തിന്റെ അവശിഷ്ടമായ ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജിലാണ് നിയമസഭ സമ്മേളിക്കുന്നത്. നൂറാം വയസ്സായതിന്റെ ആഘോഷങ്ങള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

അതോടൊപ്പം അഞ്ച് തവണ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. ഡിഎംകെയുടെ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിന്റെ പിതാവുമാണ് കരുണാനിധി.

1977ലാണ് അവസാനമായി ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. അന്ന് മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ കാമരാജിന്റെ പ്രതിമയാണ് സ്ഥാപിച്ചത്. നീലം സന്‍ജീവ റെഡ്ഡിയായിരുന്നു ഉദ്ഘാടകന്‍.

ചടങ്ങില്‍ മുഖ്യമന്ത്രി് എം കെ സ്റ്റാലിന്‍, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് എന്നിവര്‍ പങ്കെടുക്കും.

1920ലാണ് തമിഴ്‌നാട്ടില്‍ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് 3 ശതമാനം പേര്‍ക്കേ വോട്ടവകാശമുണ്ടായിരുന്നുള്ളു. അതും പുരുഷന്മാര്‍ക്കു മാര്‍ക്ക്. മൊണ്ടോഗു ചെംസ്‌ഫോര്‍ഡ്പരിഷ്‌കാരങ്ങളുടെ ഭാഗമായി 1929 ലെ ഇന്ത്യാ ആക്റ്റ് പാസ്സാക്കിയതാണ് നിയമസഭ രൂപീകരിക്കുന്നതിലേക്ക് കടന്നത്. പതുക്കെപ്പതുക്കെ വോട്ടവകാശം 70 ശതമാനത്തോളം പേര്‍ക്ക് ലഭിച്ചു. പിന്നീട് ഇന്ത്യക്കാര്‍ക്കും അധികാരത്തിലെത്താമെന്നായി. തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം എന്നിവയായിരുന്നു ഇന്ത്യക്കാര്‍ക്ക് നീക്കവച്ച വകുപ്പുകള്‍. അക്കാലത്ത് നിയമസഭാ മേധാവിയെ മുഖ്യമന്ത്രിയെന്നല്ല, പ്രധാനമന്ത്രിയെന്നായിരുന്നു പറഞ്ഞിരുന്നത്. കൂടാതെ നിയോജകമണ്ഡലങ്ങള്‍ ബഹ്വാംഗ മണ്ഡലങ്ങളുമായിരുന്നു. 28 സീറ്റുകളാണ് ബ്രാഹ്മണേതര വിഭാഗങ്ങള്‍ക്ക് നീക്കിവച്ചത്.

ആദ്യ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. ആദ്യ നിയമസഭയില്‍ 65 ബ്രാഹ്മണേതരരവും 22 ബ്രാഹ്മണരുമാണ് ഉണ്ടായിരുന്നത്. അതിനും പുറമെ അഞ്ച് പട്ടികജാതി വിഭാഗക്കാരുമുണ്ടായിരുന്നു. അവരെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുകയായിരുന്നു.

ആദ്യ മന്ത്രിസഭ രൂപീകരിച്ചത് ജസ്റ്റിസ് പാര്‍ട്ടിയാണ്. ജസ്റ്റിസ് പാര്‍ട്ടിയില്‍ നിന്നാണ് ഡിഎംകെ രൂപീകരിച്ചത്. ആദ്യ കാലത്ത് നിയമനങ്ങള്‍ ജാതി അടിസ്ഥാനത്തിലായിരുന്നു.

സ്ത്രീകള്‍ ആദ്യ കാലത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നില്ല. 1927ല്‍ മുത്തുലക്ഷ്മി റെഡ്ഢിയായിരുന്നു ആദ്യ നിയമസഭാ അംഗമായ സ്ത്രീ. അവര്‍ ഒരു ഡോക്ടറുമായിരുന്നു. താമസിയാതെ അവര്‍ കൗണ്‍സിലിന്റെ ഡെപ്യൂട്ടി പ്രസിഡന്റായി.

1927ല്‍ കോണ്‍ഗ്രസ് നേതാവായ എസ് സത്യമൂര്‍ത്തി ബ്രിട്ടീഷുകാര്‍ നിരോധിച്ച സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍ നിയമസഭയില്‍ ചൊല്ലി ചരിത്രം കുറിച്ചു. 

ഇ. രാമസ്വാമി മുതലിയാര്‍, എ.ലക്ഷ്മണസ്വാമി മുതലിയാര്‍, സത്യമൂര്‍ത്തി, ടി.എ. രാമലിംഗം ചെട്ടിയാര്‍, സി.പി. രാമസ്വാമി അയ്യര്‍, ടി.എസ്.എസ്. രാജന്‍, പി.ടി. രാജന്‍, ആര്‍.കെ. ഷണ്‍മുഖം ചെട്ടി, സി.സുബ്രഹ്മണ്യം, ആര്‍. വെങ്കട്ടരാമന്‍ തുടങ്ങി പ്രമുഖര്‍ നിയമസഭയില്‍ അംഗമായിരുന്നു. 

Similar News