എട്ടു മാസമായി അടഞ്ഞുകിടക്കുന്ന താനൂര്‍ തെയ്യാല റെയില്‍വേ ഗെയിറ്റ് തുറക്കണമെന്ന് ആവശ്യം

Update: 2022-08-23 16:25 GMT

താനൂര്‍: താനൂര്‍ തെയ്യാല റെയില്‍വേ ഗെയിറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജിയില്‍ റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചു.

അഡ്വ. പി. പി. റഊഫ്, അഡ്വ. പി. ടി. ശിജീഷ് എന്നിവര്‍ മുഖേന മുസ്‌ലിം ലീഗ് താനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം. പി. അഷറഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി അടിയന്തിരമായി ഫയലില്‍ സ്വീകരിച്ച കോടതി പ്രാഥമിക വാദം കേട്ടശേഷമാണ് റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക് നോട്ടിസ് അയച്ചത്. വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ കൂടുതല്‍ സമയം ചോദിച്ചുവെങ്കിലും ഹരജിയുടെ ഗൗരവം കണക്കിലെടുത്ത് കോടതി കേസ് ഈ മാസം 31ലേക്ക് മാറ്റി.

കഴിഞ്ഞ ഡിസംബര്‍ 22ന് ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മേല്‍പ്പാല നിര്‍മ്മാണത്തിന് വേണ്ടി 40 ദിവസത്തേക്ക് താത്കാലികമായി ഗെയിറ്റ് അടക്കാന്‍ തീരുമാനിച്ചത്. പൈലിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ റെയില്‍വേ ഗെയ്റ്റ് തുറന്നു കൊടുക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചിരുന്നു. ഗെയിറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പാലക്കാട് റെയിവേ ഡിവിഷണല്‍ മാനേജര്‍ക്ക് മെയ് അഞ്ചിന് കത്ത് നല്‍കിയിരുന്നു. മുസ്‌ലിം ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയും പാലക്കാട് റെയിവേ ഡിവിഷണല്‍ മാനേജര്‍ക്ക് കത്ത് നല്‍കി.

താനൂര്‍ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. മുസ്‌ലിം ലീഗ് താനൂര്‍ മുനിസിപ്പില്‍ കമ്മിറ്റി റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ സമരസംഗമം സംഘടിപ്പിച്ചു. പ്രതിഷേധം വ്യാപകമായിട്ടും ഇതുവരെയും ഗെയിറ്റ് തുറന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരും റെയില്‍വേയും തുടരുന്ന അലംഭാവത്തിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

Tags:    

Similar News