ജമ്മു കശ്മീര്‍ ഭരണകൂടത്തെ വിമര്‍ശിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

Update: 2023-02-25 03:53 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നയങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച അധ്യാപകനെതിരേ അച്ചടക്ക നടപടി. റംബാന്‍ ജില്ലയിലെ അധ്യാപകന്‍ ജോഗീന്ദര്‍ സിങ്ങിനെ അധികൃതര്‍ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നടപടിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശം നല്‍കി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ജോഗിന്ദറിനെ സസ്‌പെന്റ് ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ നയങ്ങളെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നതിനെതിരേ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ മേത്ത കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. തുര്‍ന്നാണ് ജോഗീന്ദര്‍ സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജോഗീന്ദര്‍ സിങ് നിലവില്‍ ജിപിഎസ് ചന്ദര്‍കോട്ടില്‍ അധ്യാപകനായി ജോലിചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ എം എസ് സാവ്‌നി, സോണ്‍ ബറ്റോട്ടെയില്‍ വിന്യസിച്ചിരിക്കുകയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ശമ്പളം ദുരുപയോഗം ചെയ്തതിന് തടഞ്ഞുവച്ചതായും വ്യക്തമായിട്ടുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചും പ്രതികൂലമായി കമന്റ് ചെയ്തും വിവിധ പോസ്റ്റുകളിടുക മാത്രമല്ല, തന്റെ വ്യക്തിത്വം മറച്ചുവച്ച് സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന പേരില്‍ല്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയതായി കണ്ടെത്തിയതായും റിപോര്‍ട്ടുണ്ട്.

Tags:    

Similar News