വൈഗൂറുകളെ നിരീക്ഷിക്കാന്‍ സാങ്കേതികവിദ്യ: ഇന്റല്‍ കോര്‍പറേഷനോട് വിശദീകരണം തേടി

തങ്ങളുടെ സേവനങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിനായി ഉപയോഗിക്കുന്നത് കമ്പനി അംഗീകരിക്കുന്നില്ലെന്ന് ഇന്റല്‍ വക്താവ് വില്യം മോസ് പറഞ്ഞു.

Update: 2020-12-09 04:33 GMT

ന്യൂയോര്‍ക്ക : വൈഗൂറുകളെ നിരീക്ഷിക്കാന്‍ സാങ്കേതികവിദ്യ കൈമാറിയത് സംബന്ധിച്ച് യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോയും ഡെമോക്രാറ്റിക് പ്രതിനിധി ജിം മക്‌ഗൊവറും ഇന്റല്‍ കോര്‍പ്പറേഷനോടും എന്‍വിഡിയ കോര്‍പ്പനോടും വിശദീകരണം തേടി. മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സെനറ്റ് ഉപസമിതിയുടെ ചെയര്‍മാനാണ് റൂബിയോ, ചൈനയെക്കുറിച്ചുള്ള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മീഷന്റെ അധ്യക്ഷനാണ് മക്‌ഗൊവന്‍.


ചൈന വൈഗൂറുകള്‍ക്കു മേല്‍ നടത്തുന്ന നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ അവരുടെ സാങ്കേതികവിദ്യ ഉപയോഗിക്കുമോ എന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കനാവുമോ എന്നുമാണ് ഇരു കമ്പനി മേധാവികളോടും ചോദിച്ചത്. ഇതിനോട് പ്രതികരിക്കാന്‍ എന്‍വിഡിയ കോര്‍പ്പ് വിസമ്മതിച്ചു. തങ്ങളുടെ സേവനങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിനായി ഉപയോഗിക്കുന്നത് കമ്പനി അംഗീകരിക്കുന്നില്ലെന്ന് ഇന്റല്‍ വക്താവ് വില്യം മോസ് പറഞ്ഞു. അങ്ങിനെ സംഭവിച്ചാല്‍ ഇടപാട് നിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ചൈന സിന്‍ജിയാങ് മേഖലയിലെ ക്യാംപുകളില്‍ പത്തു ലക്ഷത്തിലധികം മുസ്‌ലിംകളെ തടഞ്ഞുവച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. മുസ്‌ലിംകളെ പീഡിപ്പിച്ചും തടവിലിട്ടും അവരുടെ സംസ്‌കാരത്തെയും മതത്തെയും മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ ആരോപിക്കുന്നു. ചൈന വൈഗൂറുകളെ അടിച്ചമര്‍ത്തുന്നതിനെതിരേ ഉപരോധം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യം ഒപ്പുവെച്ചിരുന്നു.




Tags:    

Similar News