എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂനിറ്റ് ആരംഭിക്കുംമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി

Update: 2022-03-24 08:04 GMT

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. അണ്ടൂര്‍ക്കോണം മൃഗാശുപത്രിയിലെ ആംബുലന്‍സ് സേവനം ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലി കര്‍ഷകരുടെ വീട്ടുപടിക്കലെത്തി രോഗനിര്‍ണ്ണയം നടത്തി ചികില്‍സ നല്‍കുകയാണ് ടെലി വെറ്ററിനറി യൂനിറ്റിന്റെ ലക്ഷ്യം. തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുമെന്നും ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കന്നുകാലികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. കര്‍ഷകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും. കര്‍ഷകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി. ആര്‍ അനില്‍ അധ്യക്ഷനായി. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ തരിശുരഹിത പഞ്ചായത്ത് ആക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. രാത്രികാലങ്ങളിലും മൃഗഡോക്ടറുടെ സേവനം പഞ്ചായത്തിലെ എല്ലാ കര്‍ഷകരുടെയും വീട്ടുമുറ്റത്തു ലഭ്യമാക്കുമെന്ന് അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു. അണ്ടൂര്‍ക്കോണം മൃഗാശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags:    

Similar News