പാലുൽപ്പാദനത്തിൽ കേരളം അടുത്ത വർഷം സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി ചിഞ്ചുറാണി

Update: 2024-02-20 12:38 GMT

ഇടുക്കി: പാലുല്‍പ്പാദനത്തില്‍ കേരളം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇടുക്കിയിലെ അണക്കരയില്‍ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ 90 ശതമാനവും ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നിലവിലുള്ള പശുക്കളുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ച് സമ്പൂര്‍ണ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്ക് പശുവളര്‍ത്തലിലൂടെ സ്ഥിരവരുമാനം ലക്ഷ്യമിട്ടുള്ള ക്ഷീര ലയം പദ്ധതിക്ക് ഇടുക്കിയില്‍ തുടക്കമാവും. പദ്ധതിയിലൂടെ 10 പേര്‍ക്ക് 10 പശുക്കളെ ഉള്‍ക്കൊള്ളുന്ന തൊഴുത്ത് വകുപ്പ് നിര്‍മിച്ച് നല്‍കും. പശുവിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വേഗത്തില്‍ അറിയാനായി റേഡിയോ ഫ്രീക്വന്‍സി ചിപ്പ് ചെവിയില്‍ ഘടിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ ഉടന്‍ തുടക്കമാവുമെന്നും മന്ത്രി പറഞ്ഞു.

    പാലുല്‍പ്പാദനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച കര്‍ഷകര്‍, സഹകാരികള്‍, ക്ഷീര സംഘങ്ങള്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. ക്ഷീരവികസന മേഖലയില്‍ കൂടുതല്‍ തുക വകയിരുത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. പാലുല്‍പ്പന്നങ്ങളും വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള വിവിധയിനം തീറ്റകളും കറവയന്ത്രങ്ങളും മറ്റുമുള്‍പ്പെടുത്തിയ ഡയറി എക്‌സ്‌പോയും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള 30 ഓളം സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്.

Tags:    

Similar News