എറണാകുളം: കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. എറണാകുളം ഉള്‍പ്പടെയുള്ള അഞ്ച് റീജിയണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്‌സിനില്‍ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്‌സിനാണ്. ഇതുപയോഗിച്ച് ഏപ്രില്‍ 20 ചൊവ്വാഴ്ച മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫിസര്‍ ഡോ. ശിവദാസ് പറഞ്ഞു. മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ വാക്‌സിന്‍ വിതരണത്തിനാണ് മുന്‍ഗണന.
ആകെ എത്തിയ വാക്‌സിനുകളില്‍ 60,000 ഡോസാണ് ജില്ല ആവശ്യപ്പെട്ടിരുന്നത്. ആവശ്യാനുസരണം കൂടുതല്‍ ഡോസ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ വിപുലമാക്കും.
ജില്ലയിലെത്തിയ വാക്‌സിനുകള്‍ ജനറല്‍ ആശുപത്രിയിലെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് അതാത് വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി വാക്‌സിന്‍ വിതരണ കേന്ദ്രത്തിലെത്തി വാക്‌സിന്‍ എടുക്കാം.