അത് ശാസനയോ താക്കീതോ അല്ല; ആരോഗ്യമന്ത്രിയെ താക്കീത് ചെയ്‌തെന്ന റിപോര്‍ട്ടില്‍ വിശദീകരണവുമായി സ്പീക്കര്‍
പിപിഇ കിറ്റ് അഴിമതിയെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയിലായിരുന്നു ഇന്നലെ സ്പീക്കറുടെ ഇടപെടല്‍
തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എംബി രാജേഷ്. ലഭ്യമായ മറുപടികളാണ് നല്‍കിയതെന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കിയതാണെന്നും സ്പീക്കര്‍ വിശദീകരണം നല്‍കി.
വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങള്‍ക്ക് ഒറ്റ മറുപടിയായി നല്‍കാറുണ്ട്, സോഫ്റ്റ്‌വെയറില്‍ ചില തടസങ്ങളുണ്ട്. പ്രശ്‌നം സോഫ്റ്റ്‌വെയറിന്റേതാണെന്ന് വ്യക്തമായി. അസാധാരണമായി ഒന്നും ഇല്ല. ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ല. മന്ത്രിയുടെ തെറ്റല്ല സംഭവിച്ചതെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.
പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആയിരുന്നു ഇന്നലെ സ്പീക്കറുടെ ഇടപെടല്‍. ഈ ശൈലി ആവര്‍ത്തിക്കരുത് എന്ന സ്പീക്കരുടെ നിര്‍ദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു. കൊവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ പി പി ഇ കിറ്റ് പര്‍ച്ചേസിലടക്കം ഉണ്ടായ വന്‍ ക്രമക്കേടുകള്‍ പുറത്തുവന്നിരുന്നു.
ഈ വിഷയത്തില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്തി നല്‍കിയത് ഒരേ മറുപടി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാനുള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചു എപി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് സ്പീക്കറുടെ കര്‍ശന ഇടപെടല്‍ ഉണ്ടായത്. ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി ആവര്‍ത്തിച്ചു നല്‍കരുത്. ഇത്തരം ശൈലി ഒഴിവാക്കണമെന്നും സ്പീക്കര്‍ അസാധാരണ മുന്നറിയിപ്പ് മന്ത്രിക്ക് നല്‍കി. ഇക്കാര്യത്തിലാണ് ഇന്ന് സ്പീക്കര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.