ന്യൂഡല്‍ഹി: ഗ്രാമീണ വികസനത്തിനുള്ള പഞ്ചാബിനുള്ള ഫണ്ട് തടഞ്ഞുവച്ച ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍സംവിധാനത്തെ തകര്‍ക്കുന്നതായി ശിരോമണി അകാലിദള്‍ നേതാവ് പ്രേം സിങ് ചന്ദുമജ്ര എം പി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഞങ്ങള്‍ക്ക് രാഷ്ട്രീയഅഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ഗ്രാമീണവികസനത്തിനുള്ള ഫണ്ട് നല്‍കാതിരിക്കുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സംസ്ഥാനത്തിന് നല്‍കേണ്ട ഗ്രാമീണ വികസന ഫണ്ട് തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. നാമൊരു യൂണിറ്ററി സംവിധാനത്തിലേക്ക് നീങ്ങുകയാണെന്നാണ് പാര്‍ട്ടി കരുതുന്നത്. നമ്മുടെ ഭരണസംവിധാനം പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് പോകുന്നതായാണ് കാണുന്നത്- അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് അവര്‍ അവകാശപ്പെട്ട പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി, പ്രതിപക്ഷ പാര്‍ട്ടികളെയും ഭരണപക്ഷത്തെ വിവിധ പാര്‍ട്ടികളെയും കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമം പാസ്സാക്കിയതിനെ തുടര്‍ന്നാണ് അകാലിദള്‍ 2020 സപ്തംബറില്‍ എന്‍ഡിഎ വിട്ടത്.