ഛണ്ഡീഗഢ്: ലക്ഷ്യമെന്തെന്നറിയാതെ തൊടുത്തുവിട്ട മിസൈലാണ് പഞ്ചാബ് കോണ്‍ഗ്രസ് മേധാവി നവ്‌ജ്യോത് സിങ് സിദ്ദുവെന്ന് ശിരോമണി അകാലിദള്‍ മേധാവി സുഖ്ബീര്‍ സിങ് ബാദല്‍. കോണ്‍ഗ്രസ് പഞ്ചാബ് യൂനിറ്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിദ്ദു രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ഞാന്‍ നേരത്തെത്തന്നെ പറഞ്ഞിരുന്നു സിദ്ദു ലക്ഷ്യമില്ലാതെ പായുന്ന മിസൈലാണെന്ന്. അത് എവിടെ പോകുമെന്നോ ആരെ കൊല്ലുമെന്നോ അറിയില്ല. അദ്ദേഹം ആദ്യം അമരീന്ദര്‍ സിങ്ങിനെ തകര്‍ത്ത് പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയായി. ഇപ്പോള്‍ പാര്‍ട്ടിയെ അവസാനിപ്പിക്കാന്‍ നോക്കുന്നു''- ബാദല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''പഞ്ചാബിനെ രക്ഷിക്കാന്‍ മുംബൈക്ക് പോകുന്നയാളാണ് സിദ്ദു''വെന്ന് അകാലി നേതാവ് പരിഹസിച്ചു.
''സിദ്ദു എന്തുതരം ആളാണെന്ന് നേരത്തെ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബിലെ ചെറിയ കുട്ടിക്ക് പോലും അതറിയാം. അദ്ദേഹം വലിയ ഈഗോയുള്ളയാളാണ്. പഞ്ചാബിനെ രക്ഷിക്കണമെങ്കില്‍ അദ്ദേഹത്തോട് മുംബൈയിലേക്ക് പോകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകീട്ടാണ് സിദ്ദു പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് സോണിയാ ഗാന്ധിക്ക് അയച്ചത്. പാര്‍ട്ടി രാജി സ്വീകരിച്ചിട്ടില്ല. പ്രാദേശിക ഘടകത്തോട് പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
മന്ത്രിസഭയിലെ ചില അംഗങ്ങളെച്ചൊല്ലിയുള്ള പ്രശ്‌നമാണ് സിദ്ദുവിന്റെ രാജിക്കു പിന്നിലെന്നാണ് കരുതുന്നത്.