കാര്‍ഷിക നിയമം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലും സമാനമായ നയങ്ങളെന്ന് അകാലിദള്‍

Update: 2020-10-03 17:09 GMT

ചണ്ഡീഗഢ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. ഇപ്പോള്‍ ബിജെപി നടപ്പാക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്ക് സമാനമായ നയങ്ങളാണ് കോണ്‍ഗ്രസ് മാനിഫോസ്‌റ്റോയിലും ഉള്‍ക്കൊള്ളിച്ചിരുന്നതെന്നും ബാദല്‍ കുറ്റപ്പെടുത്തി. കാര്‍ഷിക നിയമത്തിനെതിരേയുള്ള ഗാന്ധിയുടെ സമരങ്ങള്‍ നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയുടെ പഞ്ചാബിലേക്കുള്ള സന്ദര്‍ശനം നാടകമാണ്. കാര്‍ഷിക നിയമത്തെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയതുതന്നെ കോണ്‍ഗ്രസ് ആണ്. വിപണികള്‍ കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുമെന്ന് കോണ്‍ഗ്രസ് തങ്ങളുടെ മാനിഫെസ്റ്റോയില്‍ എഴുതിയിരുന്നു- ബാദല്‍ പറഞ്ഞു.

2019 ലെ പഞ്ചാബിലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ ഒരു കോപ്പി പ്രദര്‍ശിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് കാര്‍ഷിക നിയമത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അവര്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍പോരാടാതെ ഇറങ്ങിപ്പോയത്, അതിന് രാഹുല്‍ മറുപടി പറയണം- ബാദല്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമത്തിനെതിരേയുള്ള സമരങ്ങളുടെ ഭാഗമായി രാഹുലിന്റെ പഞ്ചാബ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് അകാലിദള്‍ നേതാവിന്റെ വിമര്‍ശനം.

Tags:    

Similar News