പട്ടികജാതിക്കാര്‍ക്കുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു

Update: 2022-09-17 10:50 GMT

കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന വയനാട് ജില്ലാ ഭരണകൂടത്തിന്റെ എ.ബി.സി.ഡി പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനുളള ശ്രമം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പനമരം സെന്റ് ജൂഡ് പാരിഷ്ഹാളില്‍ നടന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി (എ.ബി.സി.ഡി) യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തന്റെ ജീവിത മുന്നേറ്റത്തിന് ആവശ്യമായ ആധികാരിക രേഖകള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ലഭ്യമാക്കുന്ന എ.ബി.സി.ഡി പദ്ധതി കേരളത്തിന് വയനാട് നല്‍കുന്ന മാതൃക പദ്ധതിയാണ്. പലപ്പോഴും ആവശ്യമായ രേഖക്കള്‍ കൈവശം ഇല്ലാത്തതിനാല്‍ അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ആദിവാസി സമൂഹത്തിന് ലഭിക്കാതെ പോകുന്നുണ്ട്. രേഖ കൈവശമുളളവര്‍ അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും പ്രയാസപ്പെടുന്നു. ഇത് പരിഹരിക്കുന്നതിനാണ് ജില്ലാ ഭരണകൂടം പദ്ധതിക്ക് രൂപംനല്‍കിയത്.

ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ ക്യാമ്പ് പൂര്‍ത്തിയാകുമ്പോള്‍ എകദേശം 15,000 ത്തോളം പേര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കാന്‍ സാധിച്ചു. ഇനി വരുന്ന എബിസിഡി ക്യാമ്പുകളിലൂടെ നിലവില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് പുറമെ ആദിവാസി വിഭാഗക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ചികില്‍സ സഹായങ്ങളുടെ അപേക്ഷകളും സ്വീകരിക്കണമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ആറ് മാസത്തിനകം എ.ബി.സി.ഡി ക്യാമ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും രേഖകള്‍ ലഭ്യമാകും.

പനമരം ഗ്രാമ പഞ്ചായത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ചയാണ് എ.ബി.സി.ഡി ക്യാമ്പ് തുടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ സേവനങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെ ലഭ്യമാക്കി. രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യമുണ്ടായിരുന്നു. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകളും ക്യാമ്പിലൂടെ നല്‍കി. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കറും തയ്യാറാക്കി നല്‍കിയിരുന്നു. പനമരം ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, പൊതുവിതരണ വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) ക്യാമ്പ് നടന്നത്.

Tags:    

Similar News