രാജസ്ഥാനിലും മധ്യപ്രദേശിലും പയറ്റിയ അതേ രാഷ്ട്രീയനീക്കങ്ങളുമായി ബിജെപി വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ ഒന്നടങ്കം പര്‍ചേസ് ചെയ്ത് രാഷ്ട്രീയനേട്ടം കൊയ്യുന്ന ജനഹിതത്തെ ബുള്‍ഡോസര്‍വച്ചു തകര്‍ക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലും പയറ്റുന്നത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരെ സ്ഥാനഭ്രഷ്ടരാക്കി കണക്കുകളിലെ കളികളിലൂടെ രാഷ്ട്രീയാധികാരത്തിലെത്തിക്കുന്ന രീതി ഇത്ര വൃത്തികെട്ട രീതിയില്‍ ഇതുവരെ ഇവരല്ലാതെ ആരും പയറ്റി ജയിച്ചിട്ടില്ല.
മഹാരാഷ്ട്രയില്‍ ശിവസേനയിലെ അതൃപ്തിയാണ് പുതിയ നീക്കങ്ങള്‍ക്കുപിന്നിലെന്നാണ് കരുതുന്നത്. താനെയിലെ ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയാണ് ഈ നീക്കങ്ങള്‍ക്കുമുന്നിലുള്ളത്. ശിവസേന സ്വന്തം രാഷ്ട്രീയ ആദര്‍ശമായ ഹിന്ദുത്വയെ കയ്യൊഴിഞ്ഞെന്നാണ് അദ്ദേഹത്തിന്റെ പരാതി. ബാല്‍താക്കറെയുടെ പ്രത്യയശാസ്ത്രത്തില്‍നിന്ന് ഉദ്ദവ് പുറകോട്ടുപോയത്രെ. മാത്രമല്ല, പ്രത്യയശാസ്ത്രപരമായി വ്യത്യസ്തതകളുളള കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുമായി കൂടിച്ചേര്‍ന്ന് ഹിന്ദുത്വയെ പിന്നില്‍കെട്ടുകയും ചെയ്തിരിക്കുന്നു.
ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മുപ്പത് ശിവസേന എംഎല്‍എമാരെയും നാല് സ്വതന്ത്ര എംഎല്‍എമാരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതില്‍ 30 ശിവസേനക്കാര്‍ തങ്ങളുടെ നേതാവ് ഷിന്‍ഡെയാണെന്ന് ഗവര്‍ണറെ അറിയിച്ചുകഴിഞ്ഞു.
കലാപം അണയ്ക്കാന്‍ തക്ക മറുപടിയായി ഉദ്ദവും രംഗത്തുവന്നു. ഹിന്ദുത്വം മറക്കുന്ന പ്രശ്‌നമില്ലെന്നാണ് ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം ഇതുവരെ ബിജെപി പ്രത്യക്ഷത്തില്‍ കളത്തിലില്ല. നേരത്തെ ഗുജറാത്തിലും ഇപ്പോള്‍ അസമിലുമാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ നൂറുകണക്കിന് പോലിസുകാരെ അണിനിരത്തിയിരിക്കുന്നു. ഇതിന്റെ ചെലവ് മറ്റൊരു സംസ്ഥാനത്തെ ജനങ്ങളുടെ തലയില്‍.
പ്രതിസന്ധി തീരുമ്പോള്‍ ഒന്നുകില്‍ കോണ്‍ഗ്രസ്സും എന്‍സിപിയും കളത്തിനു പുറത്തേക്ക് പോകേണ്ടിവരും. ഉദ്ദവ് മുഖ്യമന്ത്രിയായി തുടരും. അല്ലെങ്കില്‍ ഉദ്ദവ് പുറത്തുപോയി ഷിന്‍ഡെ മുഖ്യമന്ത്രിയായി ഭരിക്കും. ബിജെപി പിന്തുണക്കും. അല്ലെങ്കില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവും. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാവും. എന്തും സംഭവിക്കാം. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്നില്ലെങ്കില്‍ എപ്പോഴെങ്കിലും ഇത് നടക്കും. കാര്യങ്ങള്‍ കൈവിട്ട് പോവുകയാണ്, ജനാധിപത്യവും.