പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Update: 2021-11-01 08:24 GMT

മാനന്തവാടി: പനമരം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനിടയില്‍ കണ്ടെത്തി. വാരാമ്പറ്റ കൊച്ചാറ പണിയ കോളനിയിലെ കുരുന്തന്റെ മകന്‍ നന്ദു(20)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. പനമരം പഴയ പോലിസ് സ്‌റ്റേഷന് പുറകിലെ പുഴയിലാണ് ഇന്നലെ വൈകീട്ട് നന്ദുവിനെ കാണാതായത്. തുടര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ മാനന്തവാടി ഫയര്‍ഫോഴ്‌സ്, പനമരം സി.എച്ച് റെസ്‌ക്യു ടീമംഗങ്ങള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് സി.എച്ച് റെസ്‌ക്യൂ ടീമംഗങ്ങള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

വാരാമ്പറ്റയില്‍ നിന്നും പനമരത്തെത്തിയ നന്ദു ഇന്നലെ രാവിലെ 11 മണിയോടെ ബന്ധുക്കളായ സിബി, സന്ദീപ്, ഉണ്ണി, അര്‍ജുന്‍ എന്നിവരോടൊപ്പം പനമരം പുഴയില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു. മീന്‍ പിടിക്കുന്നതിനിടെ നന്ദു പുഴയിലേക്ക് ചാടിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഉടനെ പനമരം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി അഗ്‌നി രക്ഷാസേനയും പനമരം സി.എ ച്ച്. റെസ്‌ക്യു പ്രവര്‍ത്തകരും പനമരം പോലിസും നാട്ടുകാരും ചേര്‍ന്ന് വൈകുന്നേരം 6.30 വരെ സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

Similar News