തോടിന്റെ ബണ്ട് തകര്‍ന്നു; മാങ്കുഴിപ്പാടശേഖരം വെള്ളക്കെട്ടില്‍

Update: 2020-10-10 13:33 GMT

മാളഃ മാള ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കോള്‍ക്കുന്ന് -കാട്ടിക്കരക്കുന്ന് റോഡിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള മാങ്കുഴിപ്പാടശേഖരത്തോട് ചേര്‍ന്ന് ഒഴുകുന്ന തോടിന്റെ ബണ്ട് തകര്‍ന്നു. ഇതോടെ മാങ്കുഴിപ്പാടശേഖരം വെള്ളക്കെട്ടിലായി. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് തോട്ടില്‍ ശക്തമായ ഒഴുക്ക് ഉണ്ടായതോടെയാണ് താല്‍ക്കാലിക ബണ്ട് തകര്‍ന്നത്. വെള്ളം പാടശേഖരത്തിലേക്ക് ഒഴുകിയതോടെ പാടശേഖരത്തില്‍ വെള്ളം നിറഞ്ഞ നിലയിലാണ്.

കതിര്‍ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ തരിശായി കിടക്കുന്ന 30 ഏക്കര്‍ മാങ്കുഴിപാടശേഖരത്തില്‍ കൃഷിയിറക്കുന്നതിനായി കഴിഞ്ഞ ദിവസം പണി ആരംഭിച്ചിരുന്നു. പാടശേഖരത്തിലെ വെള്ളക്കെട്ട് കാരണം കൃഷിപ്പണി തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളം നിറഞ്ഞ പാടശേഖരത്തില്‍ നിന്നും വളരെ ശ്രമകരമായിട്ടാണ് ട്രാക്റ്റര്‍ കരക്ക് കയറ്റിയത്.

30 ഏക്കര്‍ പാടശേഖരത്തിലേക്ക് ആവശ്യമായ ഞാറ് വെള്ളക്കെട്ടിലായതോടെ നാശത്തിന്റെ വക്കിലാണ്. ഞാറ് നശിച്ചാല്‍ കൃഷി തടസ്സപ്പെടുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. തോട്ടില്‍ നിന്ന് വെള്ളം പാടശേഖരത്തിലേക്ക് കയറി കൃഷി നശിക്കാതിരിക്കാന്‍ തോടിന് സംരക്ഷണ ഭിത്തിയും കരിങ്കല്‍ ഉപയോഗിച്ച് സ്ഥിരമായ ബണ്ടും നിര്‍മ്മിക്കണമെന്ന് കര്‍ഷകര്‍ ഏറെക്കാലമയി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാള ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും ഇക്കാര്യം അവഗണിക്കുകയാണെന്നാണ് കാര്‍ഷകരുടെ പരാതി.

തോട് കവിഞ്ഞ് വെള്ളം കയറി മാങ്കുഴി പാടശേഖരത്തിലെ കൃഷി നശിക്കാതിരിക്കാന്‍ സ്ഥിരമായ ബണ്ട് നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കതിര്‍ഗ്രാമം പാടശേഖര സമിതി ഭാരവാഹികളായ സെബി പഴയാറ്റില്‍, കരീം മഞ്ഞളിവളപ്പില്‍, ദാമോദരന്‍, സോമന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Similar News