അഭയാര്‍ത്ഥികളുടെ പൊള്ളുന്ന അനുഭവങ്ങള്‍; വായനാദിനത്തില്‍ കുട്ടികള്‍ക്കായി ഏതാനും പുസ്തകങ്ങള്‍
ഇന്ന് ലോകത്തെ ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റവും അഭയാര്‍ത്ഥിപ്രവാഹവും. ദേശരാഷ്ട്രങ്ങളുടെ തകര്‍ച്ച, സാമ്രാജ്യത്വ ശക്തികളുടെ ഇടപെടല്‍, ആഭ്യന്തരയുദ്ധം, വംശീയ അടിച്ചമര്‍ത്തല്‍ ഇതൊക്കെ അഭയാര്‍ത്ഥിപ്രവാഹം വര്‍ധിപ്പിച്ചു.
നീണ്ട യാത്രകളുടെ ദുരിതമയമായ നിരവധി അനുഭവങ്ങളാണ് ഓരോ അഭയാര്‍ത്ഥിക്കും പറയാനുള്ളത്. നീണ്ട സാഹസിക യാത്രക്കുശേഷം ചിലര്‍ ലക്ഷ്യസ്ഥാനത്തെത്തിയെങ്കിലും അവര്‍ക്കു നേരിടേണ്ടിവന്നത് ക്രൂരമായ അനുഭവങ്ങളാണ്. ചിലരാകട്ടെ ലക്ഷ്യസ്ഥാനത്ത് ഒരിക്കലും എത്തിയില്ല. സ്വന്തം രാജ്യമല്ലാതെ മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവന്ന ഇത്തരം മനുഷ്യരും കുടുംബങ്ങളും കണ്ണീരില്‍ കുതിര്‍ന്ന നിരവധി കഥകള്‍ ഉപേക്ഷിച്ചാണ് ഈ ലോകം വിട്ടുപോയത്.
ഇങ്ങനെയുള്ള അനുഭവങ്ങള്‍ കോര്‍ത്തിണക്കി നിരവധി പുസ്തകങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ആ വിഭാഗത്തില്‍ വരുന്ന ഏതാനും പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയാണ് താഴെ. അഭയാര്‍ത്ഥി അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ഈ പുസ്തകങ്ങള്‍ കുട്ടികളെ ഉദ്ദേശിച്ച് എഴുതിയതുമാണ്.
ഫ്രാന്‍സെസ്‌ക സന്നയുടെ ദി ജേര്‍ണി യുദ്ധം മൂലം തകര്‍ന്നുതരിപ്പണമായ ഒരു രാജ്യത്തുനിന്ന് സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് പിതാവ് നഷ്ടപ്പെട്ട ഒരു കുടുംബം നടത്തുന്ന ദുരിതയാത്രയാണ്. കുടുംബത്തിലെ ഒരു ചെറിയ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെയാണ് കഥ പറയുന്നത്. ഗ്രന്ഥകര്‍ത്താവ് ഫ്രാന്‍സെസ്‌ക ഇതിനുവേണ്ടി നിരവധി അഭയാര്‍ത്ഥികളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അത്തരം ഒരു അഭിമുഖത്തിനിടയില്‍ അദ്ദേഹം ഇറ്റലിയിലെ അഭയാര്‍ത്ഥിക്യാമ്പില്‍ രണ്ട് പെണ്‍കുട്ടികളെ കണ്ടുമുട്ടി. അവരുടെ കണ്ണിലൂടെ പറയുന്ന കഥയാണ് ദി ജേര്‍ണി. പുസ്തകത്തില്‍ മനോഹരമായ നിരവധി ചിത്രങ്ങളുമുണ്ട്.
ലുബ്‌ന ആന്റ് പെബിള്‍ എന്ന പുസ്തകവും ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെ കഥ പറയുന്നു. ലുബ്‌ന ഒരു അഭയാര്‍ത്ഥി പെണ്‍കുട്ടിയാണ്. അവള്‍ക്കു കൂട്ടായി കയ്യില്‍ ഒരു കല്ലുമുണ്ട്. ആ കല്ലിനോടാണ് അവള്‍ അവളുടെ കഥകള്‍ പറയുന്നത്. അങ്ങനെ ഒരു കല്ലിനെ ചങ്ങാതിയായി കിട്ടിയതില്‍ അവള്‍ സന്തുഷ്ടയാണ്. പക്ഷേ, അനാഥനായ ആണ്‍കുട്ടി ക്യാമ്പിലേക്ക് എത്തുന്നതോടെ കാര്യങ്ങള്‍ മാറിമറിയുന്നു. കല്ലിന്റെ സൗഹൃദം തന്നേക്കാള്‍ ആണ്‍കുട്ടിക്കാണ് വേണ്ടതെന്ന് അവള്‍ തിരിച്ചറിയുന്നു.
വെന്‍ഡി മെഡ്‌ഡോര്‍ ആണ് ഗ്രന്ഥകാരന്‍. അദ്ദേഹമാണ് ചിത്രങ്ങളും വരച്ചിരിക്കുന്നത്. വിവിധ സംസ്‌കാരങ്ങളെക്കുറിച്ചും വംശങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ഈ പുസ്തകം ഉപകരിക്കും. ജോണ്‍ സി ലോറന്‍സ് അവാര്‍ഡ് നേടിയ ഗ്രന്ഥമാണ് ഇത്.
ദി കൈറ്റ് റണ്ണര്‍ ഇതേ പേരിലുള്ള ഒരു നോവലിന്റെ സംഗ്രഹപുനഃരാഖ്യാനമാണ്. ഖാലിദ് ഹുസൈനിയാണ് ഗ്രന്ഥകാരന്‍. ഒരു അഫ്ഗാന്‍ കുടുംബത്തിലെ കുട്ടിയുടെ കാഴ്ചപ്പാടിലാണ് ഇറാനിലെ അഭയാര്‍ത്ഥി ജീവിതം ഗ്രന്ഥകാരന്‍ പറയുന്നത്. ഖാലിദ് ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി കുടുംബത്തിലെ അംഗമാണ്. അഫ്ഗാനിസ്താനിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം ഖാലിദിന്റെ കുടുംബം ഇറാനിലേക്ക് ചേക്കേറി. ആ കുട്ടിയും പിതാവും തമ്മിലുള്ള ബന്ധവും നോവല്‍ അനാവരണം ചെയ്യുന്നു.
സൗഹൃദങ്ങളോട് നാം പുലര്‍ത്തുന്ന വിശ്വാസ്യത ബന്ധങ്ങളെ മാത്രമല്ല, മനുഷ്യജീവനെയും രക്ഷിക്കുമെന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട ഏതാനും കുട്ടികളുടെ ഫോട്ടോകളാണ് വേര്‍ വില്‍ ഐ ലീവ്? അഭയാര്‍ത്ഥിക്കുട്ടികളെന്ന് കേള്‍ക്കുമ്പോള്‍ നാം ദുരിതങ്ങളുടെ ഘോഷയാത്രയാണ് പ്രതീക്ഷിക്കുക. എന്നാല്‍ ഈ ഗ്രന്ഥത്തില്‍ ഫോട്ടോഗ്രഫറായ റോസ് മേരി മെക്കാര്‍നി ദുരിതങ്ങള്‍ക്കിടയിലും കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ധീരതയും പ്രതീക്ഷയുമാണ് ഒപ്പിയെടുക്കുന്നത്. ദുരിതങ്ങള്‍ക്കിടയില്‍ എങ്ങനെ നാം പ്രതീക്ഷ കൈവിടാതിരിക്കണമെന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കും.
കാലത്തില്‍ മാത്രമല്ല, സ്ഥലത്തിലും പരന്നുകിടക്കുന്ന രചനയാണ് റെഫ്യൂജി. നാസി ജര്‍മനിയില്‍ അഭയാര്‍ത്ഥിയാക്കപ്പെട്ടവര്‍ മുതല്‍ 1990 ലെ ക്യൂബയിലെ അഭയാര്‍ത്ഥിയായ കുട്ടികള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു.
ആലിപ്പോയിലെ മെഹ്‌മൂദ് എന്ന മുസ് ലിം സിറിയന്‍ കുട്ടിയാണ് നായകന്‍. 2015ലെ ആഭ്യന്തര യുദ്ധത്തിലാണ് മെഹ്‌മൂദിന് നാട് വിടേണ്ടിവന്നത്. പുസ്തത്തിന്റെ രചന നിര്‍വഹിച്ച അലന്‍ ഗ്രാറ്റ്‌സ് കുട്ടികള്‍ക്കുവേണ്ടിയുള്ള ഇത്തരം നിരവധി ഗ്രന്ഥങ്ങള്‍ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്.
സ്റ്റെപ്പിങ് സ്‌റ്റോണ്‍: എ റഫ്യൂജി ഫാമിലിസ് ജേര്‍ണി, അഭയാര്‍ത്ഥികളുടെ കഥ പറയുന്നതോടൊപ്പം കല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കലാസൃഷ്ടികൊണ്ട് അലങ്കരിക്കപ്പെട്ടതും കൂടിയാണ്. മാര്‍ഗ്രിറ്റ് റൗര്‍ ആണ് ഗ്രന്ഥകര്‍ത്താവ്. കല്ല് കൊണ്ട് ചത്രപ്പണി ചെയ്തത് നിസാര്‍ അലി ബാദര്‍ ആണ്.
ഒരു സിറിയന്‍ അഭയാര്‍ത്ഥിക്കുടുംബത്തിന്റെ ദുരിത യാത്രയാണ് ഗ്രന്ഥം അനാവരണം ചെയ്യുന്നത്.
ഉപേക്ഷിക്കപ്പെട്ട് അനാഥാലയത്തില്‍ വളര്‍ന്ന മൈക്കള്‍ ഡി പ്രിന്‍സിന്റെ ഓര്‍മക്കുറിപ്പുകളാണ് ടേക്കിങ് ഫൈറ്റ്: ഫ്രം വാര്‍ ഓര്‍ഫന്‍ ടു സ്റ്റാര്‍ ബല്ലേറിന. തന്റെ ത്വക്കില്‍ കാണപ്പെട്ട ചില പാടുകളുടെ പേരില്‍ ആക്രമിക്കപ്പെട്ടതും പിശാചിന്റെ കുട്ടിയെന്ന് പരിഹസിക്കപ്പെട്ടതും ഗ്രന്ഥകാരന്‍ ഓര്‍ത്തെടുക്കുന്നു. അനാഥാലയത്തിലെ ഒരു ചിത്രം ഗ്രന്ഥകാരിയെ നൃത്തം പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. നാല് വയസ്സുള്ള ഇവളെ ഒരു അമേരിക്കന്‍ കുടുംബം ദത്തെടുത്തു. അവര്‍ അവളെ പഠിപ്പിച്ച് നര്‍ത്തകിയാക്കുന്നു.